മാരുതി സ്വന്തമായി വികസിപ്പിച്ച പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ പ്രീമിയം സെഡാന്‍ സിയാസ് പുറത്തിറങ്ങി. മികച്ച പെര്‍ഫോമെന്‍സും കൂടുതല്‍ മൈലേജും നല്‍കുന്നതാണ് പുതിയ ഡീസല്‍ എന്‍ജിനെന്നാണ് കമ്പനിയുടെ വാഗ്ദാനം. പുതിയ എന്‍ജിനൊപ്പം 6 സ്പീഡ് ഗിയര്‍ബോക്‌സും സിയാസില്‍ ഇടംപിടിച്ചിട്ടുണ്ട്. ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ മൂന്ന് വേരിയന്റുകളിലാണ് 1.5 ലിറ്റര്‍ ഡീസല്‍ സിയാസ് ലഭ്യമാവുക. 9.97 ലക്ഷം രൂപ മുതല്‍ 11.37 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. 

ARAI (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) കണക്കുപ്രകാരം 26.82 കിലോമീറ്റര്‍ ഇന്ധനക്ഷമത പുതിയ ഡീസല്‍ എന്‍ജിനില്‍ ലഭിക്കും. 4000 ആര്‍പിഎമ്മില്‍ 94 ബിഎച്ച്പി പവറും 1500-2500 ആര്‍പിഎമ്മില്‍ 224 എന്‍എം ടോര്‍ക്കുമേകുന്നതാണ് 1.5 ലിറ്റര്‍ DDiS 225 ഡീസല്‍ എന്‍ജിന്‍. ടര്‍ബോചാര്‍ജര്‍ വഴി ഉയര്‍ന്ന ലോ എന്‍ഡ് ടോര്‍ക്കും വാഹനത്തില്‍ ലഭിക്കും. ഡീസലിന് പുറമേ സ്മാര്‍ട്ട് ഹൈബ്രിഡിനൊപ്പം 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും സിയാസ് വിപണിയിലുണ്ട്. 

Content Highlights; Maruti Suzuki Ciaz With New 1.5-litre Diesel Launched In India