മാരുതി സുസുക്കി നിരയിലെ മിഡ്‌സൈഡ് സെഡാന്‍ സിയാസിന് പുതിയ എസ് വേരിയന്റ് പുറത്തിറക്കി. പെട്രോള്‍ മോഡലിന് 9.39 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഡീസല്‍ സ്മാര്‍ട്ട് ഹൈബ്രിഡിന് 11.55 ലക്ഷം രൂപയും. ടോപ് സ്‌പെക്ക് ആല്‍ഫ വേരിയന്റിലെ എല്ലാ ഫീച്ചേര്‍സും അതേപിടി കടമെടുത്താണ് സിയാസ് എസ് വിപണിയിലെത്തിയത്. മുന്നിലും പിന്നിലും ബംമ്പര്‍ എക്സ്റ്റന്‍ഷന്‍, സൈഡ് സ്‌കേര്‍ട്ട്‌സ്, റിയര്‍ സ്‌പോയിലര്‍ തുടങ്ങീ അഡീഷണല്‍ ബോഡി കിറ്റും പുതിയ സിയാസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രീമിയം രൂപത്തിന് പ്രാധാന്യം നല്‍കിയാണ് അകത്തളം ഒരുക്കിയത്. ബ്ലാക്ക് ലെതര്‍ സീറ്റ്, ലെതര്‍ ആവരണം ചെയ്ത മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിങ് വീല്‍ എന്നിവ ഉള്‍വശത്തെ പ്രൗഡി വര്‍ധിപ്പിക്കും. സിയാസ് നിരയിലെ മറ്റുവേരിയന്റുകളെക്കാള്‍ 15 എംഎം നീളം കൂടുതലുണ്ട് എസ് വേരിയന്റിന്. 4505 എംഎം ആണ് ആകെ നീളം. 1730 എംഎം വീതിയും 1485 എംഎം ഉയരവും 2650 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. 16 ഇഞ്ചാണ് അലോയി വീല്‍. നിലവിലുള്ള ഏഴ് നിറങ്ങളില്‍ തന്നെ വാഹനം ലഭ്യമാകും. 

ciaz

പെട്രോള്‍ വേരിയന്റിന് 6000 ആര്‍പിഎമ്മില്‍ 91 ബിഎച്ച്പി പവറും 4000 ആര്‍പിഎമ്മില്‍ 130 എന്‍എം ടോര്‍ക്കുമേകുന്ന 1373 സിസി എന്‍ജിനാണ് കരുത്തേകുക. ഡീസല്‍ സ്മാര്‍ട്ട് ഹൈബ്രിഡ് വേരിയന്റില്‍ 4000 ആര്‍പിഎമ്മില്‍ 89 ബിഎച്ച്പി പവറും 1750 ആര്‍പിഎമ്മില്‍ 200 എന്‍എം ടോര്‍ക്കുമേകുന്ന 1248 സിസി എന്‍ജനിനാണ് കരുത്തേകുക. എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് സംവിധാനം, ബ്രേക്ക് എനര്‍ജി റീജനറേഷന്‍, ടോര്‍ക്ക് അസിസ്റ്റ്, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡികേറ്റര്‍ എന്നിവ ഡീസല്‍ പതിപ്പില്‍ മാത്രമേ ലഭ്യമാകുകയുള്ളു.