രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സ ശ്രേണിയിലേക്ക് അഞ്ചാമത്തെ വാഹനമായി സിയാസ് അംഗത്വം എടുത്തു. കമ്പനിയുടെ റെഗുലര്‍ ഡീലര്‍ഷിപ്പ് വഴി വിറ്റഴിച്ചിരുന്ന സി-സെഗ്മെന്റ് സെഡാന്‍ സിയാസ് ഇന്ന് മുതല്‍ നെക്‌സയിലൂടെയാണ് വിറ്റഴിക്കുക. ഇഗ്‌നീസിനും ബലേനോ ആര്‍.എസിനും ശേഷം ഈ വര്‍ഷം നെക്സയിലെക്കെത്തുന്ന മൂന്നാമത്തെ വാഹനമാണ് സിയാസ്. നേരത്തെ ബലേനോയും എസ്-ക്രോസും നെക്സ വഴിയാണ് മാരുതി വിപണിയിലെത്തിച്ചത്. 

നിലവില്‍ VXi(O), VXi പ്ലസ്, ZXi, ZXi പ്ലസ് എന്നീ നാല് വകഭേദങ്ങളിലാണ് സിയാസ് നിരത്തിലുള്ളത്. നെക്സ ശ്രേണിയിലെത്തുന്നതോടെ ഇവ നാലും യഥാക്രമം സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ പേരുകളിലേക്ക് മാറും. എന്നാല്‍ സിയാസിന്റെ രൂപത്തിലും മെക്കാനിക്കല്‍ ഫീച്ചേര്‍സിലും യാതൊരു മാറ്റവും ഉണ്ടാകില്ല. അഡീഷണല്‍ ഫീച്ചറായി ബ്ലൂ എക്‌സ്റ്റീയര്‍ കളര്‍ ഓപ്ഷന്‍ ഉള്‍പ്പെടുത്തി, ബ്ലാക്ക് ഇന്റീരയര്‍ നിര്‍ത്തുകയും ചെയ്തു. പെട്രോള്‍-ഡീസല്‍ വകഭേദങ്ങളില്‍ സിയാസ് ലഭ്യമാകും. വിലയില്‍ മാറ്റമുണ്ടാന്‍ സാധ്യതയില്ല. 

സിയാസ് പെട്രോള്‍ ഓട്ടോമാറ്റിക്കില്‍ 1373 സി.സി എഞ്ചിന്‍ 6000 ആര്‍പിഎമ്മില്‍ 91 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 130 എന്‍എം നല്‍കുക. ടോപ് VXi (ആല്‍ഫ)-യില്‍ ഓട്ടോമാറ്റിക് വകഭേദം ലഭ്യമല്ല. SHVS ഹൈബ്രിഡ് ടെക്നോളജിയുള്ള സിയാസ് ഡീസലില്‍ 1248 സിസി എഞ്ചിന്‍ 90 പിഎസ് കരുത്താണ് നല്‍കുക. ഡീസല്‍ പതിപ്പില്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്. എന്നാല്‍ പെട്രോള്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും ലഭ്യമാകും.