മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ ശ്രേണിയിലേക്ക് അഞ്ചാമത്തെ വാഹനമായി സിയാസ് എത്തുന്നു. കമ്പനിയുടെ റെഗുലര്‍ ഡീലര്‍ഷിപ്പ് വഴി വിറ്റഴിച്ചിരുന്ന സി-സെഗ്‌മെന്റ് സെഡാന്‍ സിയാസ് അടുത്ത മാസം ഏപ്രില്‍ ഒന്നു മുതല്‍ ഇനി നെക്‌സ വഴിയാണ് വില്‍പ്പനയ്‌ക്കെത്തുക.

ഇഗ്നീസിനും ബലേനോ ആര്‍.എസിനും ശേഷം ഈ വര്‍ഷം നെക്‌സയിലെക്കെത്തുന്ന മൂന്നാമത്തെ വാഹനമാണ് സിയാസ്. ഇതോടെ നെക്‌സയിലെ അംഗബലം അഞ്ചായി. നേരത്തെ ബലേനോയും എസ്-ക്രോസും നെക്‌സ വഴിയാണ് മാരുതി വിപണിയിലെത്തിച്ചത്. 

നിലവില്‍ VXi(O), VXi പ്ലസ്, ZXi, ZXi പ്ലസ് എന്നീ നാല് വകഭേദങ്ങളിലാണ്‌ സിയാസ് നിരത്തിലുള്ളത്. നെക്‌സ ശ്രേണിയിലെത്തുന്നതോടെ ഇവ നാലും യഥാക്രമം സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ പേരുകളിലേക്ക് മാറും. എന്നാല്‍ സിയാസിന്റെ രൂപത്തിലും മെക്കാനിക്കല്‍ ഫീച്ചേര്‍സിലും യാതൊരു മാറ്റവും ഉണ്ടാകില്ല.

സിയാസ് പെട്രോള്‍ ഓട്ടോമാറ്റിക്കില്‍ 1373 സി.സി എഞ്ചിന്‍ 6000 ആര്‍പിഎമ്മില്‍ 91 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 130 എന്‍എം നല്‍കുക. ടോപ് VXi (ആല്‍ഫ)-യില്‍ ഓട്ടോമാറ്റിക് വകഭേദം ലഭ്യമല്ല. SHVS ഹൈബ്രിഡ് ടെക്‌നോളജിയുള്ള സിയാസ് ഡീസലില്‍ 1248 സിസി എഞ്ചിന്‍ 90 പിഎസ് കരുത്തേകും.