സെഡാന്‍ ശ്രേണിയില്‍ മാരുതിക്ക് മികച്ച മുന്നേറ്റം നല്‍കിയ മോഡലാണ് സിയാസ്. ചുരുങ്ങിയ കാലയളവില്‍ ജനപ്രിയമായ ഈ സി സെഗ്മെന്റ് സെഡാനെ പുതുക്കി അവതരിപ്പിക്കാനുളള ശ്രമത്തിലാണ് മാരുതി സുസുക്കി. പഴയ എഞ്ചിന്‍ അടിമുടി ഉടച്ചുവാര്‍ത്ത് അധിക കരുത്തിലാകും സിയാസ് എത്തുകയെന്നും അഭ്യൂഹമുണ്ട്. ഇനി എഞ്ചിനില്‍ മാറ്റമില്ലെങ്കിലും മൂന്നാം തലമുറ സിയാസ് അടുത്ത വര്‍ഷം ഏപ്രിലില്‍ രാജ്യത്തെത്തും. കമ്പനിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയാകും സിയാസിന്റെ വരവ്. 

വമ്പന്‍ വിജയം ലക്ഷ്യമിട്ട് നെക്‌സ വഴി മാരുതി അവതരിപ്പിക്കുന്ന ചെറു എസ്.യു.വി ഇഗ്നീസിന് ശേഷമാകും സിയാസ് പുറത്തിറങ്ങുക. 2014-ല്‍ പുറത്തിറങ്ങിയ രണ്ടാം തലമുറയില്‍ നിന്നും  വ്യത്യസ്തമായി ഫ്രണ്ട് ഗ്രില്ലിലും ബമ്പറിലും ചെറിയ മാറ്റത്തിനുള്ള ശ്രമം കമ്പനി നടത്തിയിട്ടുണ്ട്. ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതിയ അലോയ് വീലുകള്‍, ഇലക്ട്രോണിക്ക് സണ്‍റൂഫ് എന്നിവ പുതിയ സിയാസിലുണ്ടാകും. പെട്രോള്‍ പതിപ്പിലെ 1.4 ലിറ്റര്‍ എഞ്ചിന്‍ കരുത്ത് അല്‍പ്പം വര്‍ധിപ്പിച്ച്‌ 1.5 ലിറ്റര്‍ എഞ്ചിനാക്കാന്‍ സാധ്യതയുണ്ട്. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 1.6 ലിറ്ററാക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ബേസ് മോഡലിന് 9 ലക്ഷവും ടോപ് വേരിയന്റിന് 11.5 ലക്ഷവുമായിരിക്കും ഏകദേശ വിപണി വില. സെഡാന്‍ താരങ്ങളായ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ, ഫോക്‌സ്‌വാഗണ്‍ വെന്റോ, നിസാന്‍ സണ്ണി, സ്‌കോഡ റാപ്പിഡ് എന്നീ കാറുകളാണ് പുതുമുഖ സിയാസിന് വെല്ലുവിളി ഉയര്‍ത്തുക. പെട്രോള്‍ പതിപ്പിലെ 1.5 ലിറ്റര്‍ M15 എഞ്ചിന്‍ 6000 ആര്‍പിഎമ്മില്‍ 91 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 130 എന്‍എം ടോര്‍ക്കുമേകും. 1.3 ലിറ്റര്‍ DDiS 200 SHVS ഡീസല്‍ എഞ്ചിന്‍ 4000 ആര്‍പിഎമ്മില്‍ പരമാവധി 88.5 ബിഎച്ച്പി കരുത്തും 1750 ആര്‍പിഎമ്മില്‍ 200 എന്‍എം ടോര്‍ക്കുമേക്കുമാണ് നല്‍കുന്നത്.

maruti suzuki ciaz

സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം ഡീസല്‍ വകഭേദത്തില്‍ ലഭിക്കും. പെട്രോള്‍ പതിപ്പില്‍ ഓട്ടോമാറ്റിക് വകഭേദവും ലഭ്യമാകും. 4490 എംഎം നീളം, 1730 എംഎം വീതി, 1485 എംഎം ഉയരം, 2650 എംഎം വീല്‍ബേസ്, 530 ലിറ്റര്‍ ബൂട്ട് സ്‌പേസ്, 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സിലും മാറ്റമില്ല. സുരക്ഷയ്ക്കും വലിയ പ്രാധാന്യം മാരുതി നല്‍കിയിട്ടുണ്ട്. ആപ്പിള്‍ കാര്‍ പ്ലേ അടങ്ങിയ സ്മാര്‍ട്ട് പ്ലേ ടച്ച് സ്‌ക്രീന്‍ സിസ്റ്റം. റിവേര്‍സ് പാര്‍ക്കിങ് ക്യാമറ, പുഷ് സ്റ്റാര്‍ട്ട് സ്‌റ്റോപ്പ്‌ ബട്ടണ്‍ എന്നിവയും മാരുതി സിയാസില്‍ നല്‍കിയിട്ടുണ്ട്.