ന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി വിപണിയിലെത്തിക്കുന്ന ഒരേയൊരു സെഡാന്‍ വാഹനമാണ് സിയാസ്. കോംപാക്ട് എസ്.യു.വികളുടെ വരവോടെ സെഡാന്‍ വാഹനങ്ങളുടെ ജനപ്രീതിക്ക് മങ്ങലേറ്റിട്ടുണ്ടെങ്കിലും വില്‍പ്പനയില്‍ പുത്തന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മാരുതിയുടെ സെഡാന്‍ മോഡലായ സിയാസ്.

മൂന്ന് ലക്ഷം വാഹനങ്ങളുടെ വില്‍പ്പന പൂര്‍ത്തിയാക്കിയതിന്റെ പുതിയ നാഴികക്കല്ലാണ് സിയാസിന്റെ പേരിനൊപ്പം ചേര്‍ത്തിയിരിക്കുന്നത്. 2014-ല്‍ വിപണിയില്‍ അവതരിപ്പിച്ച ഈ വാഹനം ഏഴ് വര്‍ഷത്തിനുള്ളിലാണ് മൂന്ന് ലക്ഷം എന്ന മാജിക്ക് നമ്പര്‍ കടന്നിരിക്കുന്നത്. വര്‍ഷങ്ങളായി സെഗ്‌മെന്റിലെ മികച്ച വാഹനമായി തുടരാന്‍ സിയാസിനായെന്നാണ് മാരുതി അവകാശപ്പെടുന്നത്. 

ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ എന്നീ വാഹനങ്ങളുമായി മത്സരിക്കാനെത്തിയ സിയാസിന് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്.  ഉയര്‍ന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന 'സുസുകി സ്മാര്‍ട്ട് ഹൈബ്രിഡ്' ടെക്നോളജിയാണ് ഈ എന്‍ജിന്റെ ഹൈലൈറ്റ്. 8.72 ലക്ഷം മുതല്‍ 11.71 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ ഡല്‍ഹിയിലെ എക്‌സ്-ഷോറൂം വില.

ഉയര്‍ന്ന മത്സരമുള്ള പ്രീമിയം സെഡാന്‍ വിഭാഗത്തില്‍ മികച്ച വിജയം കൈവരിക്കാന്‍ സിയാസിന് കഴിഞ്ഞിട്ടുണ്ടെന്നും മൂന്ന് ലക്ഷം ഉപയോക്താക്കളുടെ വിശ്വാസം നേടാന്‍ കഴിഞ്ഞത് വലിയ ആത്മവിശ്വാസം പകരുന്നുണ്ടെന്നും മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

Content Highlights: Maruti Suzuki Ciaz Crosses The Three Lakh Sales Milestone