മാരുതിയുടെ സെലേറിയോ നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നും ബിഎസ്-6 എന്‍ജിനിലേക്ക് മാറില്ലെന്നുമുള്ള അഭ്യൂഹങ്ങള്‍ വിരാമമിട്ട് സെലേരിയോ എക്‌സിന്റെ ബിഎസ്-6 മോഡല്‍ അവതരിപ്പിച്ചു. നാല് വേരിയന്റുകളിലെത്തുന്ന ഈ ഹാച്ച്ബാക്കിന് 4.90 ലക്ഷം മുതല്‍ 5.67 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.

ഓരോ വേരിയന്റുകള്‍ക്കും ബിഎസ്-4 മോഡലിനെക്കാള്‍ 15,000 രൂപ ഉയര്‍ന്നിട്ടുണ്ടെന്നാണ് വിവരം. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണിന് ശേഷം ഈ വാഹനം നിരത്തുകളിലെത്തുമെന്നാണ് വിവരം. ഓണ്‍ലൈന്‍ ലോഞ്ച് നടത്തിയ ഈ വാഹനത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ മാരുതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വന്നുതുടങ്ങി.

ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് സെലേരിയോയ്ക്ക് കരുത്തേകുന്നത്. ഇത് 66 ബിഎച്ച്പി കരുത്തും 90 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ എഎംടി ഗിയര്‍ബോക്‌സുകള്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. 21.63 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് സെലേരിയോയ്ക്ക് മാരുതി ഉറപ്പുനല്‍കുന്നത്.  

മുന്‍ മോഡലില്‍ മാറ്റം വരുത്താത്ത രൂപമാണ് ഈ മോഡലിലുള്ളത്. ഡ്യുവല്‍ടോണ്‍ ഫ്രെണ്ട് ബംമ്പര്‍, മിറര്‍ ഇന്‍ഡികേറ്റര്‍ ലൈറ്റ്, മള്‍ട്ടി ഫങ്ഷണല്‍ സ്റ്റിയറിങ് വീല്‍, റിയര്‍ വൈപര്‍, കീലെസ് എന്‍ട്രി, 6 സ്‌പോക്ക് 14 ഇഞ്ച് അലോയി വീല്‍, ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, ഫോഗ് ലാംമ്പ്, പിന്നില്‍ സില്‍വര്‍ സ്‌കഫ് പ്ലേറ്റ് എന്നിവയാണ് സെലേരിയോ എക്‌സിന്റെ സവിശേഷതകള്‍.

Content Highlights: Maruti Suzuki CelerioX BS6 Model Launched In India