കോവിഡ് മഹാമാരിയെ തുടര്‍ന്ന് വരവ് വൈകിയ നിരവധി വാഹനങ്ങളിലൊന്നാണ് മാരുതി സുസക്കിയുടെ രണ്ടാം തലമുറ സെലേറിയോ. കഴിഞ്ഞ ഏപ്രിലില്‍ വരവിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് അവതരണം അനിശ്ചിത കാലത്തേക്ക് നീട്ടി വയ്ക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍ അനുസരിച്ച് പുതുലമുറ സെലേറിയോ സെപ്റ്റംബറില്‍ അവതരിപ്പിച്ചേക്കും. ബിസിനസ് ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

അതേസമയം, ഈ വാഹനം എത്തുന്നു എന്ന വാര്‍ത്തകളെക്കാള്‍ വാഹനപ്രേമികളെ ആവേശത്തില്‍ ആക്കിയിട്ടുള്ളത് സെലേറിയോയില്‍ നല്‍കിയേക്കുമെന്ന് കരുതുന്ന എന്‍ജിനാണ്. ബി.എസ്.6 നിലവാരത്തിലേക്ക് ഉയര്‍ത്തിയ 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് പുറമെ, ഓപ്ഷണലായി 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും നല്‍കിയേക്കുമെന്നാണ് സൂചന. വാഗണ്‍ആറിന്റെ പുതുതലമുറ മോഡലിലും സ്വിഫ്റ്റ് ഹാച്ച്ബാക്കിലും പ്രവര്‍ത്തിക്കുന്ന 1.2 ലിറ്റര്‍ എന്‍ജിന്‍ തന്നെയാണെന്നാണ് വിലയിരുത്തലുകള്‍.

ലുക്കിലും പരമാവധി പുതുമകള്‍ വരുത്തിയായിരിക്കും പുതിയ സെലേറിയോ എത്തുക. ഹണികോമ്പ് മാതൃകയില്‍ പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, കുടുതല്‍ കര്‍വുകളും മറ്റും നല്‍കുന്ന ഡ്യുവല്‍ ടോണ്‍ ബമ്പര്‍, ബ്ലാക്ക് ക്ലാഡിങ്ങുകള്‍, പുതുമയാര്‍ന്ന ഹെഡ്‌ലാമ്പ് എന്നിവയായിരിക്കും മുഖഭാവത്തിലെ പുതുമ. ടെയ്ല്‍ലൈറ്റ്, റിഫ്‌ളക്ഷന്‍ സ്ട്രിപ്പുകളും സ്‌കിഡ് പ്ലേറ്റും നല്‍കിയുള്ള ബമ്പറുമായിരിക്കും പുതിയ സെലേറിയോയുടെ പിന്‍ഭാഗം അലങ്കരിക്കുകയെന്നാണ് വിലയിരുത്തലുകള്‍.

മാരുതിയുടെ പുതുതലമുറ വാഹനങ്ങള്‍ക്ക് സമാനമായി ഫീച്ചര്‍ സമ്പന്നമായായിരിക്കും പുതിയ സെലേറിയോയും എത്തുക. സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായിരിക്കും ഇതില്‍ പ്രധാനം. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയും ഇത് നല്‍കും. സ്റ്റിയറിങ്ങ് മൗണ്ട് കണ്‍ട്രോള്‍ സ്വിച്ചുകള്‍, കീലെസ് എന്‍ട്രി, പവര്‍ അഡ്ജസ്റ്റബിള്‍ റിയര്‍വ്യൂ മിറര്‍ തുടങ്ങിയ നിരവധി ഫീച്ചറുകള്‍ രണ്ടാം തലമുറ സെലേറിയോയുടെ അകത്തളത്ത് നല്‍കുന്നുണ്ട്.

മാരുതിയുടെ മോഡുലാര്‍ ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമിലാണ് പുതുതലമുറ സെലേറിയോ ഒരുങ്ങിയിട്ടുള്ളത്. 67 ബി.എച്ച്.പി. പവറും 90 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ നല്‍കുക. അതേസമയം, ഓപ്ഷണലായി 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും നല്‍കും. ഇത് 83 ബി.എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി. ഗിയര്‍ബോക്‌സുകളാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുകയെന്നാണ് വിവരം. 

Source: Business Line

Content Highlights: Maruti Suzuki Celerio Second Generation Model To Be Launch In September