ന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ മോഡല്‍ പുതുതലമുറ സെലേറിയോ വിപണിയില്‍ അവതരിപ്പിച്ചു. LXi, VXi, ZXi, ZXi+ എന്നീ നാല് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 4.99 ലക്ഷം രൂപ മുതല്‍ 6.94 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഈ വാഹനത്തിന്റെ ബുക്കിങ്ങ് കഴിഞ്ഞ ദിവസം മാരുതി ആരംഭിച്ചിരുന്നു. 11,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ഓണ്‍ലൈനിലും ഷോറൂമുകളിലും ബുക്കിങ്ങ് സ്വീകരിക്കുന്നത്. 

സെലേറിയോ വാഹന നിരയിലെ LXi ഒഴികെയുള്ള മൂന്ന് വേരിയന്റുകളിലും ഓപ്ഷണലായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്. മാരുതിയുടെ 1.0 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 67 ബി.എച്ച്.പി. പവറും 89 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍ എന്ന ഖ്യാതി സ്വന്തമാക്കുന്നതിനായി 26.68 കിലോമീറ്റര്‍ ഇന്ധനക്ഷമത ഉറപ്പാക്കിയാണ് പുതുതലമുറ സെലേറിയോ വിപണിയില്‍ എത്തിയിരിക്കുന്നത്. 

Maruti Suzuki

ലുക്കില്‍ വന്‍ അഴിച്ചുപണി നടത്തിയാണ് പുതുതലമുറ സെലേറിയോ എത്തിയിരിക്കുന്നത്. ഹണികോമ്പ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, രണ്ട് ഹെഡ്‌ലൈറ്റുകളെയും ബന്ധിപ്പിക്കുന്ന ക്രോമിയം ലൈന്‍, പുതിയ ഡിസൈനിലുള്ള ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍, ക്ലാഡിങ്ങ് അകമ്പടിയില്‍ നല്‍കിട്ടുള്ള ഫോഗ്‌ലാമ്പ്, ഷാര്‍പ്പ് എഡ്ജുകളും മറ്റും നല്‍കിയിട്ടുള്ള ബമ്പര്‍ തുടങ്ങിയവയാണ് സെലേറിയോയില്‍ പുതുതലമുറ ഭാവം നല്‍കുന്നത്. മുന്‍ മോഡലില്‍ നിന്ന് ബോണറ്റില്‍ ഉള്‍പ്പെടെ വേറെയും മാറ്റങ്ങള്‍ നല്‍കിയിട്ടുണ്ട്.

തികച്ചും പുതുമയോടെയാണ് വശങ്ങള്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. 15 ഇഞ്ച് വലിപ്പമുള്ള ബ്ലാക്ക് ഫിനീഷിങ്ങ് അലോയി വീലാണ് പ്രധാന പുതുമ. ഇന്റിക്കേറ്റര്‍ നല്‍കിയിട്ടുള്ള റിയര്‍വ്യൂ മിറര്‍, ബ്ലാക്ക് ഫിനീഷിങ്ങ് ബി.പില്ലര്‍ എന്നിവയാണ് വശങ്ങളിലെ മാറ്റം. പിന്‍ഭാഗത്തും ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ടെയ്ല്‍ലാമ്പ് പുതിയ ഡിസൈനിലാണ്. ഹാച്ച്‌ഡോറില്‍ പ്രത്യേകമായി റിയര്‍വ്യൂ ക്യാമറ നല്‍കിയിട്ടുണ്ട്. ഹാച്ച്‌ഡോര്‍ ഹാന്‍ഡില്‍ ഉള്‍പ്പെടെയുള്ളവ മുന്‍ മോഡലില്‍ നിന്ന് പറിച്ചുനട്ടവയാണ്.

Maruti Celerio

പൂര്‍ണമായും പുതുമയോടെ രൂപകല്‍പ്പന ചെയ്ത അകത്തളമാണ് പുതുതലമുറ സെലേറിയോയില്‍. പുതിയ ഡിസൈനിലുള്ള ഡാഷ്‌ബോര്‍ഡാണ് അകത്തളത്തിലുള്ളത്. ഉയര്‍ന്ന വേരിയന്റില്‍ മാരുതിയുടെ സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്, മള്‍ട്ടി ഫങ്ങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ എന്നിവ അധികമായി നല്‍കുന്നുണ്ട്. താഴ്ന്ന വേരിയന്റില്‍ യു.എസ്.ബി. സപ്പോള്‍ട്ട് ചെയ്യുന്ന മ്യൂസിക് സിസ്റ്റം ഉള്‍പ്പെടെയുള്ള ഫീച്ചറുകളുണ്ട്.

മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനായി 12-ല്‍ അധികം സേഫ്റ്റി ഫീച്ചറുകളാണ് പുതിയ സെലേറിയോയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഡ്യുവല്‍ എയര്‍ബാഗ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, എ.ബി.എസ്. വിത്ത് ഇ.ബി.ഡി, ബ്രേക്ക് അസിസ്റ്റ്, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ്ങ് സെന്‍സര്‍, സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക്, പ്രീ-ടെന്‍ഷനര്‍ ആന്‍ഡ് ഫോഴ്‌സ് ലിമിറ്റര്‍, ചൈല്‍ഡ് പ്രൂഫ് റിയര്‍ ഡോര്‍ ലോക്ക് തുടങ്ങിയ ഫീച്ചറുകളാണ് സുരക്ഷ ഉറപ്പാക്കാനായി നല്‍കിയിട്ടുള്ളത്. 

3695 എം.എം. നീളവും 1655 എം.എം. വീതിയും 1555 എം.എം. ഉയരത്തിനുമൊപ്പം 2435 എം.എം. വീല്‍ ബേസുമാണ് സെലേറിയോയുടെ അഴകളവുകള്‍. 170 എം.എമ്മാണ് ഈ ഹാച്ച്ബാക്കില്‍ ഒരുക്കിയിട്ടുള്ള ഗ്രൗണ്ട് ക്ലിയറന്‍സ്. 313 ലിറ്റര്‍ എന്ന സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ച ബൂട്ട് സ്‌പേസും സെലേറിയോയുടെ സവിശേഷതയാണ്. സ്പീഡി ബ്ലൂ, ഫയര്‍ റെഡ് എന്നീ രണ്ട് പുതിയ നിറങ്ങള്‍ക്കൊപ്പം ആറ് നിറങ്ങളിലാണ് സെലേറിയോ വില്‍പ്പനയ്ക്ക് എത്തുന്നതെന്നും മാരുതി അറിയിച്ചു.

Content Highlights: Maruti Suzuki Celerio Launched In India, Maruti New Celerio, New Generation Celerio