രു ലിറ്റര്‍ പെട്രോളിന് 27 കിലോമീറ്റര്‍ മൈലേജ്, വാഹന വില ആരംഭിക്കുന്നതോ അഞ്ച് ലക്ഷം രൂപയിലും താഴെ. ഇന്ത്യന്‍ വാഹന വിപണിയില്‍ ഒരു മോഡല്‍ ഹിറ്റാകാന്‍ വേറെയൊന്നും വേണ്ട. എന്നാല്‍, ഇപ്പോള്‍ സൂപ്പര്‍ ഹിറ്റായിട്ടുള്ള മാരുതിയുടെ പുതുതലമുറ സെലേറിയോയിക്ക് ഇതുമാത്രമല്ല പ്രത്യേകത. മുകളില്‍ പറഞ്ഞ രണ്ട് സവിശേഷതകള്‍ക്കൊപ്പം അകത്തളം നിറയുന്ന ഫീച്ചറുകളും മനം നിറയ്ക്കുന്ന സൗന്ദര്യവും ശക്തമായ സുരക്ഷയും സെലേറിയോയുടെ കൈമുതലാണ്. 

പറഞ്ഞുവരുന്നത് വിപണിയില്‍ അവതരിപ്പിച്ച് ഒരു മാസം പിന്നിടുന്ന പുതുതലമുറ സെലേറിയോ സ്വന്തമാക്കിയിട്ടുള്ള വിജയത്തെ കുറിച്ചാണ്. പുറത്തിറങ്ങി 30 ദിവസം പിന്നിട്ടതോടെ 15,000 ആളുകളാണ് ഈ ഹാച്ച്ബാക്ക് ബുക്കുചെയ്ത് കാത്തിരിക്കുന്നത്. സെലേറിയോ സ്വന്തമാക്കാന്‍ ആളുകള്‍ ഇരച്ചെത്തിയതോടെ ബുക്കിങ്ങ് കാലാവധി ഉയര്‍ത്താന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. 12 ആഴ്ച വരെയാണ് സെലേറിയോയുടെ ബുക്കിങ്ങ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

മുന്‍തലമുറ സെലേറിയോയിക്ക് ലഭിച്ചിരുന്ന ബുക്കിങ്ങുമായി തട്ടിച്ച് നോക്കുമ്പോള്‍ വലിയ സ്വീകാര്യതയാണ് പുതിയ മോഡലിന് ലഭിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മുന്‍ മോഡലിന് പ്രതിമാസം 5000 മുതല്‍ 6000 വരെ ബുക്കിങ്ങ് ലഭിച്ചിരുന്ന സ്ഥാനത്താണ് പുതിയ മോഡലിന് ആദ്യമാസം തന്നെ 15,000 ബുക്കിങ്ങ് ലഭിച്ചിരിക്കുന്നതെന്നും മാരുതി പറയുന്നു. ഇക്കഴിഞ്ഞ നവംബര്‍ രണ്ടിനാണ് പുതുതലമുറ സെലേറിയോയുടെ ബുക്കിങ്ങ് ആരംഭിച്ചത്. 

സെമികണ്ടക്ടര്‍ ചിപ്പ് പോലെയുള്ള ഇലക്ട്രോണിക് വസ്തുക്കളുടെ ക്ഷാമത്തെ തുടര്‍ന്ന് മൊത്തം വാഹനങ്ങളുടെ നിര്‍മാണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഇത് സെലേറിയോയെയും ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. അതിനാലാണ് ബുക്കിങ്ങ് കാലാവധി 12 ആഴ്ച വരെ ഉയര്‍ത്താന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്നാണ് വിവരം. ചിപ്പുക്ഷാമം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡിസംബര്‍ മാസത്തില്‍ വാഹനങ്ങളുടെ നിര്‍മാണത്തില്‍ കുറവുണ്ടാകുമെന്ന് മാരുതി അറിയിച്ചിരുന്നു.

LXi, VXi, ZXi, ZXi+ എന്നീ നാല് വേരിയന്റുകളിലാണ് സെലേറിയോ എത്തിയിട്ടുള്ളത്. 4.99 ലക്ഷം രൂപ മുതല്‍ 6.94 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.1.0 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 67 ബി.എച്ച്.പി. പവറും 89 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. LXi ഒഴികെയുള്ള മൂന്ന് വേരിയന്റുകളിലും ഓപ്ഷണലായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്. അടിസ്ഥാന വേരിയന്റില്‍ മാനുവല്‍ ട്രാന്‍സ്മിഷനാണുള്ളത്. 

Content Highlights: Maruti Suzuki Celerio Achieve 15,000 Booking In One Month, New Generation Celerio, Maruti New Celerio Price, Maruti Celerio Review