മാരുതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളിക്കാലാണ് കഴിഞ്ഞ ദിവസം ഉണ്ടായിട്ടുള്ളത്. സിയാസ്, എര്‍ട്ടിഗ, വിറ്റാര ബ്രെസ, എസ്-ക്രോസ്, എക്‌സ്.എല്‍.6 എന്നീ ആറ് മോഡലുകളില്‍ നിന്നായി 1,80,754 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് തിരിച്ച് വിളിച്ചിട്ടുള്ളത്. നവംബര്‍ മാസം മുതല്‍ തകരാര്‍ സ്ഥിരീകരിച്ചിട്ടുള്ള വാഹനങ്ങള്‍ സൗജന്യമായി കേടുപാടുകള്‍ പരിഹരിച്ച് നല്‍കുമെന്നാണ് മാരുതി സുസുക്കി ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്. 

ഈ സഹചര്യത്തില്‍ തകരാര്‍ സ്ഥിരീകരിച്ചിട്ടുള്ള വാഹനം തിരിച്ചറിയുന്നതിനുള്ള സംവിധാനവും മാരുതി ഒരുക്കിയിട്ടുണ്ട്. www.marutisuzuki.com എന്ന മാരുതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇംപോര്‍ട്ടെന്റ് കസ്റ്റമര്‍ ഇന്‍ഫോ എന്ന ഐക്കണില്‍ നല്‍കിയിട്ടുള്ള ലിങ്ക് തുറന്ന് അതില്‍ വാഹനത്തിന്റെ ഷാസി നമ്പര്‍ നല്‍കിയാല്‍ ഈ വാഹനം തിരിച്ച് വിളിച്ചതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കുമെന്നാണ് മാരുതി അറിയിച്ചിട്ടുള്ളത്. 

2018 മേയ് നാലിനും 2020 ഒക്ടോബര്‍ 27-നും ഇടയില്‍ നിര്‍മിച്ച പെട്രോള്‍ എന്‍ജിൻ വാഹനങ്ങളാണ് പരിശോധനയ്ക്ക് എത്തിക്കാന്‍ അറിയിച്ചിട്ടുള്ളത്. വാഹനങ്ങളുടെ മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റ് തകരാര്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ നല്‍കിയിട്ടുള്ള വിശദീകരണം. തകരാര്‍ സംവഭിച്ചിട്ടുള്ള വാഹനങ്ങളുടെ ഉടമകളെ നേരിട്ട് അറിയിക്കുമെന്നായിരുന്നു ആദ്യ സൂചന. 

ആഗോള തലത്തില്‍ തന്നെ ഈ തകരാറുകള്‍ സൗജന്യമായി പരിഹരിച്ച് നല്‍കുമെന്നാണും കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്. അംഗീകൃത മാരുതി വര്‍ക്ക്ഷോപ്പില്‍ സര്‍വീസ് ഒരുക്കുമെന്നാണ് വിവരം.സര്‍വീസ് കഴിയും വരെ തകരാര്‍ കണ്ടെത്തിയിട്ടുള്ള വാഹനങ്ങള്‍ വെള്ളക്കെട്ടുകളിലൂടെ ഓടിക്കുന്നത് ഒഴിവാക്കാനും വാഹനങ്ങളിലെ ഇലക്ട്രിക്/ ഇലക്ട്രോണിക്സ് പാര്‍ട്സുകളിലേക്ക് നേരിട്ട് വെള്ളം സ്പ്രേ ചെയ്യുന്നതും ഒഴിവാക്കണമെന്നും കമ്പനി നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights: Maruti Suzuki Car Recall, Affected Vehicle, Maruti Official Website