മാരുതി സുസുക്കി ബ്രെസ | Photo: Maruti Suzuki
എതിരാളികളെ ഒരിക്കലും വിലകുറച്ചു കാണരുതെന്ന ആപ്തവാക്യം മനസ്സില്‍കണ്ടാണ് എപ്പോഴും മാരുതി സുസുക്കി, ബ്രെസയെ ഇറക്കാറ്്. ഇത്തവണയും പതിവു തെറ്റിച്ചില്ല. എതിരാളികളുടെ ന്യൂനതകള്‍ കണ്ടറിഞ്ഞാണ് പുതിയ ബ്രെസ വരുന്നത്. തങ്ങളുടെ ഏറ്റവും പ്രീമിയം വാഹനത്തില്‍പോലും കൊണ്ടുവരാത്ത സണ്‍റൂഫ് മാരുതി ആദ്യമായി ബ്രെസയില്‍ കൊണ്ടുവന്നിട്ടുണ്ട്.
സൗന്ദര്യം കൂടി
രൂപത്തില്‍ പഴയ ബ്രെസയെ ചില കോണുകളില്‍ ഓര്‍മിപ്പിക്കും. മറ്റെല്ലാത്തിലും രൂപമാറ്റം സംഭവിച്ചതാണ് പുതിയ ബ്രെസ. കമ്പനിയുടെ പുതിയ വാക്യം പോലെ, 'സിറ്റി ബ്രെഡ്, ടെക്കി, ഹോട്ട്...' ഇതെല്ലാം ഒത്തുചേരുന്നതാണ് പുതിയ ബ്രെസ. മുന്‍വശത്തെ ഗ്രില്ലില്‍ തുടങ്ങുന്നു മാറ്റങ്ങള്‍. വലിയ കട്ടിയേറിയ പിയാനോ ബ്ലാക്ക് ഗ്രില്ലാണ് മുഖ്യ ആകര്‍ഷണം. അതിനോടു സംഗമിക്കുന്ന ഡി.ആര്‍.എല്ലുകളോടു കൂടിയ ഹെഡ് ലൈറ്റ് ക്ലസ്റ്ററും പുതുമ കൊണ്ടുവന്നിട്ടുണ്ട്. പ്രൊജക്ടര്‍ ഹെഡ് ലാമ്പാണെന്ന് പ്രത്യേകിച്ച് പറയുന്നില്ല.
മുന്‍ ബമ്പറിലെ കട്ടിയേറിയ വെള്ളിവരയും ചുളിവുമെല്ലാം അന്തസ്സ് കൂട്ടുന്നുണ്ട്. ഫോഗ് ലാമ്പിന്റെ സ്ഥാനത്ത് ഒരു കുഞ്ഞ് എല്‍.ഇ.ഡി. നല്‍കിയിട്ടുണ്ട്. അതിനു ചുറ്റും സില്‍വര്‍ ക്ലാഡിങ്ങുമുണ്ട്. താഴെ സ്‌കിഡ് പ്ലേറ്റെന്നു തോന്നിക്കുന്ന രീതിയിലുള്ള വെള്ളി ആവരണവും നല്‍കിയിട്ടുണ്ട്. ബോണറ്റിന് മുകളിലുള്ള ലൈനുകള്‍ വാഹനത്തിന് ഒന്നുകൂടി ഗൗരവം നല്‍കുന്നു. വശങ്ങളില്‍ എടുത്തുപറയേണ്ടത് വലിയ വീല്‍ ആര്‍ച്ചും കട്ടിയേറിയ ക്ലാഡിങ്ങുമാണ്. ക്ലാഡിങ്ങിന് മുകളിലും താഴെയുമായി വെള്ളിവരകളും നല്‍കിയിട്ടുണ്ട്. ബോഡി ലൈനുകളിലും മാറ്റമുണ്ട്.
വീല്‍ ആര്‍ച്ചുകളുടെ വശങ്ങളിലൂടെ ഉയര്‍ന്നു പൊങ്ങി നീങ്ങുന്ന ബോഡിലൈനുകളാണ് പുതുതായി വന്നത്. പതിനെട്ടിഞ്ച് അലോയ് വീലുകളിലും മാറ്റമുണ്ട്. കുറച്ചുകൂടി തെളിച്ചം തോന്നുന്ന അലോയ് വീലുകള്‍ ബ്രെസയെ വശക്കാഴ്ചയിലെ കരുത്തനാക്കുന്നുണ്ട്. പിന്‍ഭാഗത്തും മൊത്തമായി അഴിച്ചുപണിയുണ്ട്. ടെയില്‍ ലാമ്പുകള്‍ എല്‍.ഇ.ഡി. സ്ട്രിപ്പായി മാറി. വശങ്ങളിലേക്ക് കയറിനില്‍ക്കുന്ന ഈ ലൈനുകള്‍ രാത്രിയില്‍ ചുവന്ന വരകളായി പരിണമിക്കും.

ഉള്ളിലെ ആഡംബരം
മാരുതിയുടെ അടുത്തുകാലത്തുവന്ന മാറ്റങ്ങളുടെയെല്ലാം പകര്‍ച്ച ഉള്ളില്‍ കാണാം. നിറങ്ങളില്‍ വരെ മാറ്റിച്ചിന്തിക്കുന്നുവെന്ന് വ്യക്തം. പുതിയ ബ്രെസയിലും അതു തുടരുന്നുണ്ട്. വളരെ പുതുമ നിറഞ്ഞതാണ് ഉള്‍ഭാഗം. ആഡംബര കാറുകള്‍ക്കൊത്ത ഫിനിഷ്. ബെലോനോയിലും എസ്.എക്‌സ്. 6-ലുമെല്ലാം കണ്ട മൂന്നുതട്ട് ഡാഷ്‌ബോര്‍ഡ് ബ്രെസയിലും ആവര്‍ത്തിച്ചിട്ടുണ്ട്. മൂന്നു നിറങ്ങളുടെ സംഗമമാണ് ഡാഷ്‌ബോര്‍ഡ്. ക്രമീകരിക്കാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ്. സുഖപ്രദമായി ഇരിക്കാന്‍ കഴിയുന്ന സീറ്റുകള്‍.

ഹെഡ് അപ് ഡിസ്പ്ലേ, സ്മാര്‍ട് പ്ലേ പ്രോ പ്ലസ് സൗണ്ട് മ്യൂസിക് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, വയര്‍ലെസ് ചാര്‍ജിങ്, 9 ഇഞ്ച് എല്‍.ഇ.ഡി., പിന്‍ എ.സി. വെന്റ്, ഇലക്ട്രിക് സണ്‍ റൂഫ് തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകള്‍. ഇരുപത് ഫീച്ചറുകളാണ് മുന്നിലെ ഡിസ്പ്ലേ സ്‌ക്രീനില്‍ ഒരുക്കിയിരിക്കുന്നത്. വലുപ്പമുള്ള മുന്‍സീറ്റുകള്‍ക്ക് ആവശ്യത്തിലുമധികം ലെഗ് റൂമുണ്ട്. പിന്നിലും സ്ഥലസൗകര്യം കുറവെന്ന് ആരോപിക്കാനാവില്ല. ഡിക്കിയിലും സ്ഥലം ധാരാളം. കാറ്റും വെളിച്ചവും ലഭിക്കുന്ന ക്യാബിന്‍ ദൂരയാത്രകളില്‍ യാത്രക്കാര്‍ക്ക് ഉന്മേഷമേകും.
എന്‍ജിന്‍
1.5 കെ-സീരീസ് എന്‍ജിന് 103 ബി.എച്ച്.പി. പഴയ മോഡലിലെ സിംഗിള്‍ ഇന്‍ജക്ടറുകള്‍ക്കു പകരം ഡ്യുവല്‍ ഇന്‍ജക്ടറുകള്‍ എത്തിയപ്പോള്‍ ഇന്ധനക്ഷമതയും ഡ്രൈവിങ് സുഖവും കൂടി. ആറ്് സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഗിയര്‍ബോക്‌സാണുള്ളത്. മാനുവല്‍ മോഡില്‍ ശരിക്കും കുതിപ്പ് അറിയാം. ഡ്രൈവിങ് ഒന്നുകൂടെ സുഖം മാനുവലിലാണെന്ന് തോന്നി.
ലൈറ്റ് ക്ലച്ചും കൃത്യതയുള്ള ഗിയര്‍ മാറ്റവും ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഡ്രൈവബിലിറ്റി ബ്രെസയ്ക്കു നല്‍കുന്നു. മാനുവലിന് 20.15 കി.മി., ഓട്ടോമാറ്റിക്കിന് 19.80 കി.മി. എന്നിങ്ങനെയാണ് ഇന്ധനക്ഷമത. മൈല്‍ഡ് ഹൈബ്രിഡിന് നന്ദി പറയേണ്ടി വരും. വില 7.99 ലക്ഷത്തില്‍ തുടങ്ങുന്നു. ഉയര്‍ന്ന മോഡലിന് 13.96 ലക്ഷം രൂപയും.

Content Highlights: Maruti suzuki brezza, new hot and techy brezza malayalam review, video review, maruti brezza
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..