മാരുതി സുസുക്കി ജിമ്‌നിയുടെ ആദ്യ യൂണിറ്റ് നിർമാണം പൂർത്തിയാക്കി പുറത്തിറക്കുന്നു | Photo: RushLane
ഇന്ത്യയിലെ വാഹനപ്രേമികള്‍ക്ക് ഏറ്റവുമധികം കാത്തിരിപ്പ് സമ്മാനിച്ചിട്ടുള്ള വാഹനം ഒരുപക്ഷെ ജിമ്‌നി ആയിരിക്കും. ജിപ്‌സി നിരത്തൊഴിഞ്ഞ സ്ഥാനത്തേക്ക് മാരുതി ഒരു പകരക്കാരനെ എത്തിക്കുമെന്നും ആ വാഹനത്തിന്റെ പേര് ജിമ്‌നി എന്നായിരിക്കുമെന്നും അറിഞ്ഞപ്പോള്‍ തുടങ്ങിയ കാത്തിരിപ്പാണ് പലരും. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തതോടെ വരവ് ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അവതരിപ്പിക്കാന്‍ പിന്നെയുമെടുത്തു മൂന്ന് വര്‍ഷം കൂടി.
എല്ലാ കാത്തിരിപ്പുകള്‍ക്കും വിരാമമിട്ട് ജൂണ്‍ മാസത്തില്‍ ഈ വാഹനം വിപണിയില്‍ എത്തുമെന്നാണ് വിവരം. വരവിന് മുന്നോടിയായി വാഹനത്തിന്റെ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിക്കായുള്ള അഞ്ച് ഡോര്‍ ജിമ്‌നിയുടെ ആദ്യ യൂണിറ്റ് വലിയ ആഘോഷങ്ങളോടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കി പുറത്തിറക്കിയത്. മാരുതി സുസുക്കിയുടെ ഗുരുഗ്രാമിന്റെ വാഹന നിര്‍മാണ പ്ലാന്റാണ് ജിമ്‌നി നിര്‍മിക്കുന്നത്. മുമ്പ് വിദേശ വിപണികള്‍ക്കുള്ള ജിമ്‌നിയും ഇവിടെ നിര്‍മിച്ചിട്ടുണ്ട്.
പ്രതിവര്‍ഷം ജിമ്‌നിയുടെ ഒരുലക്ഷം യൂണിറ്റ് നിര്‍മിക്കാനാണ് മാരുതി സുസുക്കി പദ്ധതിയൊരുക്കിയിരിക്കുന്നത്. ഇതില്‍ 66 ശതമാനം വാഹനങ്ങളും ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കാനും ബാക്കിയുള്ളവ വിദേശ നിരത്തുകളില്‍ എത്തിക്കാനുമാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. എല്ലാ മാസവും ജിമ്‌നിയുടെ 7000 യൂണിറ്റ് വീതം ഇന്ത്യന്‍ വിപണിയിലെത്തും. അതേസമയം, വില പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ജിമ്‌നിയുടെ ബുക്കിങ്ങ് 25000 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വാഹനത്തിന്റെ നിര്‍മാണ കണക്കും ലഭിച്ചിട്ടുള്ള ബുക്കിങ്ങുകളുടെയും അടിസ്ഥാനത്തില്‍ കാത്തിരിപ്പ് കാലാവധി മാരുതിയുടെ മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ഉയരുമെന്നാണ് വിലയിരുത്തലുകള്‍. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജിമ്നിയുടെ മാനുവല്‍ പതിപ്പുകള്‍ക്ക് ആറ് മാസം വരെയും ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് എട്ട് മാസം വരെയും ബുക്കുചെയ്ത് കാത്തിരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തലുകള്‍. ഉയര്‍ന്ന വേരിയന്റായ ആല്‍ഫയ്ക്കാണ് ബുക്കിങ്ങില്‍ ഡിമാന്റെന്നും വിവരമുണ്ട്.
മാരുതി സുസുക്കിയുടെ ഐഡില്‍ സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ് സംവിധാനമുള്ള കെ15ബി 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ജിമ്നിയുടെ ഹൃദയം. 104.8 പി.എസ്. പവറും 134.2 എന്‍.എം. ടോര്‍ക്കുമാണ് ഈ 1462 സി.സി. എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനായി ഗ്രാന്റ് വിത്താരയില്‍ നല്‍കിയിട്ടുള്ള ഓള്‍ഗ്രിപ്പ് പ്രോ സംവിധാനവും ജിമ്നിയില്‍ നല്‍കിയിട്ടുണ്ട്.
Image Source: RushLane
Content Highlights: Maruti suzuki begins productions of Jimny for India, Maruti Suzuki Jimny, Five Door Jimny


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..