പുറത്തിറക്കി വളരെ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ഇന്ത്യയിലും വിദേശത്തും ഏറെ ആരാധകരെ സ്വന്തമാക്കിയ വാഹനമാണ് മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊ. എന്നാല്‍ ബലേനൊ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ നാളത്തെ കാത്തിരിപ്പ് വേണ്ടുവരുമെന്നതാണ് ഈ വാഹനത്തിനെതിരേയുള്ള ആക്ഷേപം. ഇത് പരിഹാരിക്കാനുള്ള ശ്രമത്തിലാണ് മാരുതി.

ബുക്കിങ്ങുകള്‍ ഉയരുന്നത് കണക്കിലെടുത്ത് ബലേനൊയുടെ ഉത്പാദനം ഉയര്‍ത്താനുള്ള തയാറെടുപ്പിലാണ് മാരുതി. കഴിഞ്ഞ എട്ട് മാസത്തില്‍ ബലേനൊയുടെ ഉത്പാദനം 34 ശതമാനം ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഇത് വീണ്ടും ഉയര്‍ത്താനാണ് കമ്പനിയുടെ ശ്രമം. ഒരു മാസം ശരാശരി 18,000 ബലേനൊ നിരത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

2018 സാമ്പത്തിക വര്‍ഷത്തില്‍ ബലേനൊയുടെ വില്‍പ്പനയില്‍ 58 ശതമാനം കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1,90,480 ബലേനൊയാണ് 2018 സാമ്പത്തിക വര്‍ഷം നിരത്തിലെത്തിയത്. 2017-ല്‍ ഇത് 1,20,804 എണ്ണമായിരുന്നു. അവതരിപ്പിച്ച് മൂന്ന് വര്‍ഷത്തോടടുക്കുമ്പോള്‍ നാല് ലക്ഷത്തിലധികം ബലേനൊയാണ് മാരുതി നിരത്തിലെത്തിച്ചിരിക്കുന്നത്. 

1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ നാല് വേരിയന്റുകളിലാണ് ബലേനൊ പുറത്തിറക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 83 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 74 ബിഎച്ച്പി പവറും 190 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.