പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ മികച്ച നേട്ടമുണ്ടാക്കിയ വാഹമാണ് മാരുതിയുടെ ബലേനോ. നിരത്തിലെത്തി മൂന്ന് വര്‍ഷത്തിനുള്ളില്‍ നിരവധി റെക്കോഡുകൾ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത ഈ വാഹനം മുഖം മിനുക്കാനൊരുങ്ങുന്നു. 2019 ജൂണ്‍ മാസത്തോടെ പുതിയ ബലേനൊ നിരത്തിലെത്തുമെന്നാണ് വിവരം.

പുറംമോടിയില്‍ മാത്രം മാറ്റം വരുത്തിയാണ് പുതിയ ബലേനൊ നിരത്തിലെത്തിക്കുന്നത്. പുതിയ ബമ്പറും പിന്‍വശത്തെ ഡിസൈനുമായിരിക്കും രണ്ടാംതലമുറ ബലേനൊയിലെ പ്രധാനമാറ്റം. ഇതിനൊപ്പം കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം നല്‍കുന്നതിനായി പുതിയ അലോയിയും ഇതില്‍ നല്‍കിയേക്കും.

മുഖം മിനുക്കിയെത്തുന്ന ബലേനൊയില്‍ എല്‍ഇഡി ഹെഡ്‌ലാമ്പും ഫോഗ് ലാമ്പുമായിരിക്കും മറ്റൊരു പ്രത്യേകത. നിലവില്‍ സാധാരണ മോഡലില്‍ ഹാലജന്‍ ഹെഡ്‌ലാമ്പാണ് നല്‍കുന്നത്. ടോപ്പ് വേരിയന്റായ ആല്‍ഫയില്‍ മാത്രമാണ് പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ് നല്‍കിയിട്ടുള്ളത്.

കൂടുതല്‍ കരുത്തുറ്റ സുരക്ഷാ സംവിധാനവും പുതിയ ബലേനൊയില്‍ ഒരുക്കുന്നുണ്ട്. പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയാണ് പുതുതായി നല്‍കുക. എബിഎസ്, ഇബിഡി, ഡുവല്‍ എയര്‍ബാഗ് ബലേനൊയുടെ സ്റ്റാന്റേഡ് ഫീച്ചറാണ്.

നിലവില്‍ ബലേനൊയിക്ക് കരുത്ത് പകരുന്ന 1.2 ലിറ്റര്‍ പെട്രോള്‍ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനും തന്നെ തുടരും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം പെട്രോള്‍ മോഡലില്‍ സിവിടി ഗിയര്‍ബോക്‌സും നല്‍കിയിട്ടുണ്ട്.