ക്കഴിഞ്ഞ മാര്‍ച്ച് ഇന്ത്യയിലെ വാഹനനിര്‍മാതാക്കള്‍ക്ക് ഒട്ടേറെ നഷ്ടങ്ങള്‍ സമ്മാനിച്ച മാസമാണ്. കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ക്ലോസ് ഡൗണിലൂടെ സാമ്പത്തിക വര്‍ഷാവസാനത്തില്‍ പ്രതീക്ഷിച്ച വലിയ വ്യാപാരമാണ് നഷ്ടമായിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി 41 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് അറിയിച്ചത്. 

അതേസമയം, മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയ്ക്ക് ഇത് നേട്ടങ്ങളുടെ മാസമാണ്. മാരുതിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലുകളായി വിലസിയിരുന്ന ആള്‍ട്ടോയേയും ഡിസയറിനെയും പിന്നിലാക്കി മാര്‍ച്ച് മാസത്തില്‍ ബലേനൊ ടോപ്പ് സെല്ലിങ്ങ് പട്ടം സ്വന്തമാക്കി. ബലേനോയുടെ 11,406 യൂണിറ്റാണ് മാര്‍ച്ചില്‍ നിരത്തുകളിലെത്തയത്. ഫെബ്രുവരി വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്തായിരുന്നു ബലേനൊ.

10829 യൂണിറ്റുമായി മാരുതിയുടെ എന്‍ട്രി ലെവല്‍ വാഹനമായ ആള്‍ട്ടോയാണ് രണ്ടാം സ്ഥാനത്ത്. വാഗണ്‍ആര്‍ 9151 യൂണിറ്റും സ്വിഫ്റ്റ് 8575 യൂണിറ്റും നിരത്തിലെത്തിച്ച് രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. 2019 മാര്‍ച്ചില്‍ 1,58,076 വാഹനങ്ങള്‍ നിരത്തിലെത്തിച്ചപ്പോള്‍ ഈ വര്‍ഷം ഈ സംഖ്യയുമായി താരതമ്യം പോലുമില്ലെന്നാണ് മാരുതി വ്യക്തമാക്കുന്നത്. 

കൊറോണ വൈറസ് വ്യാപിച്ച് തുടങ്ങിയതോടെ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി മാരുതി പ്ലാന്റുകള്‍ 31-ാം തീയതി വരെ അടച്ചിരുന്നു. എന്നാല്‍, രാജ്യത്ത് ക്ലോസ് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏപ്രില്‍ 14 വരെ പ്ലാന്റുകളും ഡീലര്‍ഷിപ്പുകളും മറ്റും അടച്ചിടേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്. ഇത് വലിയ നഷ്ടങ്ങളാണുണ്ടാക്കുന്നതെന്നാണ് വിലയിരുത്തല്‍.

 

Content Highlights: Maruti Suzuki Baleno Become Best Selling Car In March