മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് വാഹനമായ ബലേനൊ നേരിട്ടത്ര ഡിഗ്രേഡുകള്‍ മറ്റ് വാഹനങ്ങള്‍ക്ക് എതിരേയൊന്നും അടുത്തിടെ ഉണ്ടായിട്ടില്ല. എന്നാല്‍, മാരുതിയോടും ബലേനൊ എന്ന വാഹനത്തോടും ജനങ്ങള്‍ക്കുള്ള വിശ്വാസം അതിനും എത്രയോ മുകളിലായിരുന്നു. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് വിപണിയില്‍ എത്തി ആറ് വര്‍ഷം പിന്നിടുന്നതോടെ വില്‍പ്പനയില്‍ വണ്‍ മില്ല്യണ്‍ (പത്ത് ലക്ഷം) എന്ന വലിയ നേട്ടമാണ് ഈ വാഹനത്തിന് ലഭിച്ചിട്ടുള്ളത്. 

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പ്രീയം ഹാച്ച്ബാക്ക് എന്ന് ബലേനൊയെ ഇനി വിശേഷിപ്പിക്കാം. 2015-ലാണ് ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ മാരുതിയുടെ ബലേനൊ അവതരിപ്പിച്ചത്. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ എട്ട് ലക്ഷമായിരുന്നു ഈ വാഹനത്തിന്റെ ആകെ വില്‍പ്പന. എന്നാല്‍, ആറ് വര്‍ഷം പൂര്‍ത്തിയാക്കാനെടുത്ത 12 മാസത്തിനുള്ളില്‍ രണ്ട് ലക്ഷം വാഹനങ്ങള്‍ വിപണിയില്‍ എത്തിച്ച് 10 ലക്ഷം എന്ന മാജിക് നമ്പര്‍ കടക്കുകയായിരുന്നു. 

2015 ഒക്ടോബറിലാണ് ബലേനൊ ഹാച്ച്ബാക്ക് ഇന്ത്യയില്‍ എത്തുന്നത്. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സയിലൂടെ വില്‍പ്പനയ്ക്കെത്തുന്ന രണ്ടാമത്തെ മോഡലാണ് ബലേനൊ. നെക്‌സയില്‍ നിന്ന് ഏറ്റവുമധികം നിരത്തുകളിലെത്തുന്ന വാഹനമെന്ന വിശേഷണവും ബലേനൊയിക്ക് സ്വന്തമാണ്. മാരുതിയുടെ കണക്ക് അനുസരിച്ച് പ്രതിമാസം ബലേനൊയുടെ 13,000 യൂണിറ്റ് വിപണിയില്‍ എത്തുന്നുണ്ട്. ഈ ശ്രേണിയുടെ 25 ശതമാനം വിപണി വിഹിതം ബലേനൊയിക്കാണ്. 

2015 ഒക്ടോബറില്‍ അവതരിപ്പിച്ച ഈ വാഹനം ആദ്യ ഒരു വര്‍ഷത്തില്‍ തന്നെ ഒരു ലക്ഷം യൂണിറ്റ് വിറ്റഴിച്ചിരുന്നു. 2017-ല്‍ ബലേനൊയില്‍ സി.വി.ടി ഗിയര്‍ബോക്സ് സ്ഥാനം പിടിക്കുകയായിരുന്നു. 2018-ല്‍ വില്‍പ്പന അഞ്ച് ലക്ഷം എന്ന നാഴികക്കല്ല് താണ്ടുകയും ചെയ്തു. 2019-ല്‍ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ആദ്യമായി സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതിക വിദ്യയുമായി ബലേനൊ വീണ്ടും നിരത്തുകളില്‍ എത്തുകയായിരുന്നു.

തുടക്കത്തില്‍ ഡീസല്‍ എന്‍ജിനിലെത്തിയിരുന്നെങ്കിലും പിന്നീട് പെട്രോള്‍ എന്‍ജിനില്‍ മാത്രമായി ചുരുങ്ങുകയായിരുന്നു. 1.2 ലിറ്റര്‍ വി.വി.ടി പെട്രോള്‍ എന്‍ജിനാണ് ബലേനൊയില്‍ കരുത്തേകുന്നത്. ഇത് 82 ബി.എച്ച്.പി പവറും 113 എന്‍.എം ടോര്‍ക്കുമേകും. ഹൈബ്രിഡ് മോഡല്‍ 89 ബി.എച്ച്.പി പവറാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, സി.വി.ടി ട്രാന്‍സ്മിഷനുകളിലാണ് ഇത് നിരത്തിലെത്തുന്നത്. ടാറ്റ അല്‍ട്രോസ്, ഹ്യുണ്ടായി ഐ20, ഫോക്സ്വാഗണ്‍ പോളൊ എന്നിവരാണ് പ്രധാന എതിരാളികള്‍.

Content Highlights: Maruti Suzuki Baleno Achieves 1 Million Sales Milestone In India, Maruti Baleno, Premium Hatchback