ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി വാഹനങ്ങളുടെ വിലയില്‍ മാര്‍ച്ച് മാസത്തില്‍ പ്രഖ്യാപിച്ച വില വര്‍ധനവ് പ്രബല്യത്തില്‍. തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 1.6 ശതമാനം വരെ വില ഉയര്‍ത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. വാഹനങ്ങളുടെ വിലയുടെ അടിസ്ഥാനത്തില്‍ ഏകദേശം 22,500 രൂപയുടെ വില വര്‍ധനവുണ്ടായേക്കുമെന്നാണ് സൂചന. പുതിയ വില ഏപ്രില്‍ 16 മുതല്‍ നിലവില്‍ വരുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
വാഹന നിര്‍മാണ സാമഗ്രികളുടെ വില ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തിലാണ് വില വര്‍ധനവിന് കമ്പനി നിര്‍ബന്ധിതമായിരിക്കുന്നതെന്നാണ് മാരുതി സുസുക്കി നല്‍കുന്ന വിശദീകരണം. ഇതേസമയം, കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് വാഹന നിര്‍മാണ സാമഗ്രികള്‍ക്ക് ക്ഷാമം നേരിടുന്നതായും രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ മുമ്പ് അറിയിച്ചിരുന്നു. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ചിപ്പുകളുടെ ലഭ്യത കുറവാണ് പ്രധാനമായും ഉന്നയിച്ചിട്ടുള്ളത്.
2021-ല്‍ മാരുതി സുസുക്കി വരുത്തുന്ന രണ്ടാമത്തെ വില വര്‍ധനവാണിത്. ജനുവരി മാസത്തില്‍ ആള്‍ട്ടോ 800, എസ്-പ്രെസോ തുടങ്ങിയ എന്‍ട്രി ലെവല്‍ വാഹനങ്ങളുടെ വില 34,000 രൂപ വരെ ഉയര്‍ത്തിയിരുന്നു. നിര്‍മാണ ചെലവ് വര്‍ധനവായിരുന്നു അന്നും മാരുതി കാരണമായി പറഞ്ഞത്. എന്നാല്‍, ഈ വര്‍ഷത്തെ ആദ്യത്തെ വര്‍ധനവില്‍ മാരുതിയുടെ ലൈന്‍-അപ്പിലെ ഉയര്‍ന്ന വാഹനങ്ങളുടെ വില ഉയര്‍ത്തിയിരുന്നില്ല. ഇത്തവണ ഇവയേയും ബാധിച്ചേക്കും
ആള്‍ട്ടോ മുതല്‍ എര്‍ട്ടിഗ വരെ 15 മോഡലുകളാണ് മാരുതിയില്‍ നിന്ന് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത്. ആള്‍ട്ടോയാണ് ഇന്ത്യയില്‍ മാരുതിയുടെ എന്‍ട്രി ലെവല്‍ വാഹനം. മൂന്ന് ലക്ഷം രൂപ മുതല്‍ 4.60 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. മാരുതി സുസുക്കിക്ക് പുറമെ, ടൊയോട്ട കിര്‍ലോസ്‌കര്‍, ഇസുസു തുടങ്ങിയ വാഹന നിര്‍മാതാക്കളും വാഹനങ്ങളുടെ വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Maruti Suzuki Announce Price Hike For Its Selected Models
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..