ന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സ്വാധീനം വര്‍ധിച്ച് വരികയും ഇത്തരം വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്ന നടപടികള്‍ സ്വീകരിക്കുകയും ചെയ്തതോടെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവയ്ക്കാന്‍ മാരുതി സുസുക്കി-ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ കൂട്ടുകെട്ട്. ചെലവ് കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളിലെത്തിക്കാനാണ് ഈ കമ്പനികള്‍ കൈകോര്‍ക്കുന്നത്. 

ഇതിന്റെ ഭാഗമായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വൈദ്യുതി വാഹനത്തിന് മാത്രമായി ഒരുക്കുന്ന പുതിയ പ്ലാറ്റ്‌ഫോമില്‍ പലതരം വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് ഇരുകമ്പനികളുടെയും പ്രതീക്ഷയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കള്‍ കൂടിയായ മാരുതിയായിരിക്കും പദ്ധതിക്ക് നേതൃത്വം നല്‍കുക. ആദ്യ വാഹനം 2024 അവസാനമോ 2025 ആദ്യമോ പുറത്തിറക്കാനാകുമെന്നാണ് സൂചനകള്‍. 

2025-ല്‍ വൈദ്യുതവാഹനം വിപണിയിലെത്തിക്കുമെന്ന് മാരുതി സുസുക്കി നേരത്തേ പ്രഖ്യാപിച്ചിരുന്നു. പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിനും പരീക്ഷണങ്ങള്‍ നടത്തുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഏതു പ്ലാന്റിലായിരിക്കും നിര്‍മാണമെന്നത് തീരുമാനമായിട്ടില്ലെന്ന് മാരുതി സുസുക്കി വക്താവ് അറിയിച്ചു. ഈരംഗത്ത് ഇരുകമ്പനികളുടെയും സഹകരണം വിപണിയില്‍ കൂടുതല്‍ മത്സരക്ഷമത ഉറപ്പാക്കുമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സും വ്യക്തമാക്കി.

2025-ഓടെ മാത്രമേ മാരുതി സുസുക്കി ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിലേക്ക് കടക്കൂവെന്നാണ് മാരുതിയുടെ മേധാവി ആര്‍.സി. ഭാര്‍ഗവ മുമ്പ് അറിയിച്ചിരുന്നത്. നിലവില്‍ ഹൈബ്രിഡ് വാഹനങ്ങളാണ് ഇന്ത്യ പോലെയുള്ള രാജ്യത്തിന് ആവശ്യമെന്നുമായിരുന്നു മാരുതി സ്വീകരിച്ചിരുന്ന നിലപാട്. ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണിയില്‍ പ്രവേശിക്കുമ്പോള്‍ പ്രതിമാസം 10,000 വാഹനങ്ങള്‍ വില്‍ക്കാന്‍ സാധിക്കണമെന്നുമായിരുന്നു മാരുതിയുടെ പക്ഷം. 

ഇന്ത്യക്ക് പുറമെ, യൂറോപ്പ്, തായ്‌ലാന്‍ഡ് തുടങ്ങിയ വിപണികളെയും ലക്ഷ്യമിട്ടാണ് മാരുതി സുസുക്കി-ടൊയോട്ട കൂട്ടുക്കെട്ടിലെ ഇലക്ട്രിക് വാഹനങ്ങള്‍ എത്തുക. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വാഹനങ്ങളും സാങ്കേതികവിദ്യയും പങ്കിടുന്നതിനായി 2018-ല്‍ ടൊയോട്ടയും മാരുതി സുസുക്കിയും കരാറില്‍ എത്തിയിരുന്നു. ഇതിന്റെ ഭാഗമായി മാരുതി നിരത്തുകളില്‍ എത്തിച്ച ബൊലേനൊ, ബ്രെസ തുടങ്ങിയ വാഹനങ്ങളുടെ റീ ബാഡ്ജിങ്ങ് പതിപ്പ് നിരത്തുകളില്‍ എത്തിച്ചിട്ടുണ്ട്.

Source: Business Standard

Content Highlights: Maruti Suzuki and Toyota Motors planning to launch electric vehicles, Electric vehicles, Maruti Suzuki, Toyota Cars