ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിച്ച കാര്‍ എന്ന റെക്കോഡും മാരുതി സുസുക്കിയുടെ എന്‍ട്രി ലെവല്‍ വാഹനമായ ആള്‍ട്ടോയ്ക്ക് സ്വന്തമായി. അവതരിപ്പിച്ച് 20 വര്‍ഷത്തിനുള്ളില്‍ 40 ലക്ഷം ആള്‍ട്ടോയാണ് മാരുതി നിരത്തുകളില്‍ എത്തിയിട്ടുള്ളത്. ലോക്ഡൗണിന് ശേഷമാണ് മാരുതി 40 ലക്ഷം എന്ന നാഴികക്കല്ല് താണ്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുറഞ്ഞ വില, ഉയര്‍ന്ന ഇന്ധനക്ഷമത, റീ സെയില്‍ വാല്യൂ തുടങ്ങിയ ഘടകങ്ങളാണ് ആള്‍ട്ടോയെ സാധാരണക്കാരുടെ ഇടയില്‍ പ്രിയപ്പെട്ടതാക്കിയത്. സാധാരണക്കാരുടെ വാഹനം എന്ന ഖ്യാതി സ്വന്തമാക്കിയ ഈ വാഹനം കഴിഞ്ഞ 16 വര്‍ഷത്തോളമായി ഇന്ത്യയിലെ ബെസ്റ്റ് സെല്ലിങ്ങ് വാഹനങ്ങളില്‍ ഒന്നാമതെന്നാണ് വിലയിരുത്തപ്പെടുന്നത്.

2000-ത്തിലാണ് മാരുതി ആള്‍ട്ടോ എന്ന ഹാച്ച്ബാക്ക് നിരത്തുകളിലെത്തുന്നത്. പിന്നീട് 2004- മുതല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനം എന്ന ഖ്യാതി ആള്‍ട്ടോയ്ക്ക് സ്വന്തമായി. 12 വര്‍ഷം ആള്‍ട്ടോയായി ഓടിയ ശേഷം 2012-ല്‍ ഈ വാഹനം ആള്‍ട്ടോ 800 എന്ന പേരില്‍ നിരത്തുകളിലെത്തി തുടങ്ങിയിരുന്നു.
അവതരിപ്പിച്ച് എട്ടാം വര്‍ഷത്തിലാണ് ആള്‍ട്ടോ 10 ലക്ഷം എന്ന നാഴികക്കല്ല് തൊടുന്നത്. പിന്നീട് ആള്‍ട്ടോയുടെ കുതിപ്പ് അതിവേഗത്തിലായിരുന്നു. 2012-ഓടെ 20 ലക്ഷം യൂണിറ്റ് നിരത്തുകളിലെത്തി. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം 2016-ല്‍ 30 ലക്ഷം യൂണിറ്റിലെത്തി ആള്‍ട്ടോയുടെ വില്‍പ്പന. ഒടുവില്‍ 20-ാം വയസിന്റെ നിറവില്‍ നില്ക്കുമ്പോള് വില്‍പ്പന 40 ലക്ഷം കടന്നിരിക്കുകയാണ്.