മാരുതി ആൾട്ടോ കെ10 | ഫോട്ടോ: സി.എച്ച്. ഷഹീർ
ഇന്ത്യന്‍ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന പേരാണ് മാരുതി ആള്‍ട്ടോ എന്നത്. ഇന്ത്യയിലെ സാധാരണക്കാരന്റെ നെഞ്ചോടൊട്ടി നിന്നിട്ടുണ്ട് ഈ പേര് എന്നും. അതുകൊണ്ടു തന്നെ പുതിയ ആള്‍ട്ടോകള്‍ മാറിമാറി വരുമ്പോഴും വിജയക്കുതിപ്പിന് ഒട്ടും കിതപ്പുണ്ടായിട്ടില്ലെന്നത് കൈവെച്ച സത്യം. എണ്‍പതുകളില്‍ ജപ്പാനില്‍ തുടങ്ങിയതാണ് ആള്‍ട്ടോ എന്ന പേര്, ഇന്ത്യയിലെത്താന്‍ രണ്ടായിരമാകേണ്ടി വന്നു.
അങ്ങിനെ ഇരുപത്തിരണ്ട് കൊല്ലം ഇന്ത്യയിലെ രക്തധമനികളിലൂടെ തലങ്ങുംവിലങ്ങും ഓടുന്നത് 45 ലക്ഷത്തിനടുത്ത് ആള്‍ട്ടോകളാണ്. ആ യാത്ര ഇപ്പോഴും അനുസ്യൂതം തുടരുന്നു. പതിനാറ് കൊല്ലവും ഒന്നാം സ്ഥാനത്തു വിരാജിക്കുകയായിരുന്നു എന്ന കാര്യം വേറെ. ആ ജനുസിന്റെ പുതുവരവ് ആഘോഷമാക്കുകയാണ് മാരുതി സുസുക്കി. കമ്പനി പറയും പോലെ വിപണിയില്‍ തൊണ്ണൂറു ശതമാനവുമാകുമ്പോള്‍ ഞങ്ങള്‍ ആരെ ഭയക്കണം.
ഇതാണ് പുത്തന്‍ ആള്‍ട്ടോ
പുതുതലമുറ മാരുതികളിലെ ഹാര്‍ട്ടെക് പ്ലാറ്റ്‌ഫോം ലഭിച്ചു കഴിഞ്ഞതോടെ എല്ലാം തികഞ്ഞു. സാങ്കേതികത്തികവിലും സുരക്ഷയിലുമൊക്കെ കാതങ്ങള്‍ മുന്നിലേക്ക് പാഞ്ഞു പുതിയ ആള്‍ട്ടോ. രൂപത്തില്‍ പഴയ ലാളിത്യം അതേപടി തുടരുന്നു. എന്നാല്‍, സൗന്ദര്യം കൂടിയിട്ടുണ്ട്. ഒരു കുട്ടിവണ്ടി എന്ന കൗതുകം അതേപടി നിലനിര്‍ത്താനായുള്ള ഒഴുക്കന്‍ രൂപം. വലിയ തേനീച്ചക്കൂടിന്റെ ഗ്രില്‍, സ്വിഫ്റ്റിനെ ഓര്‍മിപ്പിച്ചു. എന്നാല്‍ അതിലും കുറച്ചുകൂടി താഴേക്കിറങ്ങി വലുതായിട്ടുണ്ട് ഹണികോമ്പ് ഗ്രില്‍.
കീഴ്ചുണ്ടിനും സൗന്ദര്യം കൂട്ടിയിട്ടുണ്ട്. ഇരുവശങ്ങളിലും ഫോഗ്ലാമ്പിന്റെ അഭാവം നിഴലിക്കുന്നുണ്ട്. ഹെഡ്‌ലൈറ്റ് ക്ലസ്റ്ററും മാറി. പുറത്തേക്ക് നിന്നിരുന്ന ഇന്റിക്കേറ്റര്‍ ഹെഡ്‌ലൈറ്റിനുള്ളിലേക്ക് മാറി. അധികം ആഡംബരമില്ലാത്ത ഭംഗിയാണ് ആള്‍ട്ടോയ്ക്ക്. ന്യൂജെൻ വാഹനങ്ങളിൽ കാണുന്ന എല്‍.ഇ.ഡി. അതിപ്രസരമില്ല. പിന്‍വശവും വളരെ സിംപിളാണ്. അലോയ് വീല്‍ എന്ന ആഡംബരവുമില്ല. പ്രായോഗികതയ്ക്കാണ് മാരുതി സുസുക്കി ആള്‍ട്ടോയില്‍ പ്രാധാന്യം.

ഉള്ളിലും മാറ്റങ്ങളേറെ. പ്ലാസ്റ്റിക്കിന് വരെ നിലവാരം കൂടി. കറുപ്പിന്റെ ഭംഗിയില്‍ തെളിയുന്ന ഉള്‍വശം. വെളുപ്പുകൂടി സീറ്റുകളില്‍ കലര്‍ന്നിട്ടുണ്ട്. ഡാഷ്‌ബോര്‍ഡ് കണ്ടാല്‍ തിരിച്ചറിയില്ല. വലിയ കാറുകളുടേതിന് സമാനമാണ്. ഏഴ് ഇഞ്ച് സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം കടന്നുവന്നു. താഴേയ്ക്ക് എ.സിയടക്കമുള്ളവയെ നിയന്ത്രിക്കാന്‍ നോബുകള്‍ തുടര്‍ന്നു. സ്റ്റിയറങ്ങും സ്‌പോര്‍ട്ടിയായി. ഇഗ്‌നിസില്‍ കണ്ട ചെറിയ സ്റ്റിയറിങ്ങില്‍ വോയ്‌സ് കണ്‍ട്രോള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ എത്തി. ഡ്രൈവര്‍ സീറ്റിലും പാസഞ്ചര്‍ സീറ്റിലും ആവശ്യത്തിന് സ്ഥലമുണ്ട്. പിന്നിലും ഒട്ടും കുറവല്ല. ഉള്ളതുകൊണ്ട് ഓണമാക്കിയിട്ടുണ്ട്.
ചെറുതെങ്കിലും വലുതിന്റെ കുതിപ്പ്
ചെറിയ കാറല്ലേ.. പുള്ളിങ് കുറവായിരിക്കും, എ.സിയിട്ട് ഓടിക്കാന്‍ കഷ്ടപ്പാടായിരിക്കും.... എന്നീ മുൻവിധികൾ മാറ്റിവെക്കുക. ഇതെല്ലാം ഒന്നിരുന്ന് കാല്‍വെച്ചാല്‍ പറപറക്കും. 1.0 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വി.വി.ടി എന്‍ജിന്‍, മൂന്ന് സിലിണ്ടര്‍ എന്‍ജിന്‍ നല്‍കുന്നത് 66.62 പി.എസ്. പവറും 89 എന്‍.എം. ടോര്‍ക്കും മോശമല്ലാത്ത പ്രകടനത്തിന് ധാരാളം. ശബ്ദവും വിറയലുമൊന്നുമില്ലാതെ കുതിക്കുകയാണ് വളരെ റിഫൈന്‍ഡായ പുതിയ എന്‍ജിന്‍. എണ്‍പത് കിലോമീറ്ററൊക്കെ പുഷ്പം പോലെ പിന്നിടും. ഗിയര്‍ബോക്‌സും ലാഗ് തീരെ അറിയിക്കുന്നില്ല. ഷിഫ്റ്റിങ്ങ് കുറച്ചുകൂടെ സ്മൂത്തായിട്ടുണ്ട്. ഓട്ടോമാറ്റിക്കിന് 24.90 കിലോമീറ്ററും മാന്വലിന് 24.39 ലിറ്ററുമാണ് മൈലേജ്. എന്താ പോരേ...

പാട്ടക്കാറല്ല
സുരക്ഷയിലും മറിമായമില്ലാത്തതാണ് ആള്‍ട്ടോ. ഹാര്‍ട്ടെക് പ്ലാറ്റ്‌ഫോമിന്റെ ഗുണം മാരുതിയുടെ മറ്റ് മോഡലുകളിലും തെളിയിച്ചതാണ്. രണ്ട് എയര്‍ബാഗ്, എ.ബി.എസ്, ഇ.ബി.ഡി, റിവേഴ്‌സ് സെന്‍സര്‍, സ്പീഡ് സെന്‍സിങ്ങ് ലോക്ക് എന്നിവ ഇതിലുണ്ട്. ബോഡിഷെല്ലിനും ഉറപ്പേറിയിട്ടുണ്ട്. വിലയുടെ കാര്യത്തിലും പ്രതീക്ഷകള്‍ തെറ്റിച്ചിട്ടില്ല. സ്റ്റാന്‍ഡേര്‍ഡ് 3.99 ലക്ഷം രൂപ, എല്‍.എക്‌സ്.ഐ 4.82 ലക്ഷം വി.എക്‌സ്.ഐ 4.99 ലക്ഷം, വി.എക്‌സ്.ഐ പ്ലസ് 5.33 ലക്ഷം, വി.എക്‌സ്.ഐ എ.ജി.എസ് 5.49 ലക്ഷം, വി.എക്‌സ്.ഐ പ്ലസ് എ.ജി.എസ്. 5.83 ലക്ഷം രൂപ എന്നിങ്ങനെയാണ് വില.
Content Highlights: Maruti Suzuki Alto K10, New Alto K10, Maruti Suzuki Alto K10 First Drive Review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..