രാജ്യത്തെ വാഹന വില്‍പനയില്‍ നവംബറിലും അട്ടിമറികളൊന്നും നടന്നില്ല. പതിവ് തെറ്റിക്കാതെ മാരുതി സുസുക്കി ആള്‍ട്ടോ ഒന്നാം സ്ഥാനത്തോടെ ജനപ്രിയ കര്‍ പദവി വീണ്ടും നിലനിര്‍ത്തി. മികച്ച വില്‍പന നേടിയ ആദ്യ പത്ത് കാറുകളില്‍ ആറെണ്ണവും മാരുതി സുസുക്കി സ്വന്തം പോക്കറ്റിലാക്കി. വന്‍ കുതിപ്പോടെ ടാറ്റയുടെ പുതുമോഡല്‍ ടിയാഗോ ആദ്യ പത്തില്‍ ഇടം നേടിയതൊഴിച്ചാല്‍ വേറെ മാറ്റങ്ങളൊന്നും വില്‍പനയില്‍ പ്രകടമല്ല. 

car

23320 യൂണിറ്റുകള്‍ വിറ്റഴിച്ചാണ് കഴിഞ്ഞ മാസത്തെ വില്‍പനയില്‍ ആള്‍ട്ടോ ഒന്നാമതായത്. കഴിഞ്ഞ നവംബറിനെ അപേക്ഷിച്ച് 1325 യൂണിറ്റിന്റെ അധിക വില്‍പന ആള്‍ട്ടോ സ്വന്തമാക്കിയപ്പോള്‍ തൊട്ടുപിന്നില്‍ 17218 യൂണിറ്റ് വിറ്റഴിച്ച ഡിസയറാണ് രണ്ടാം സ്ഥാനത്ത്. 2015 നവംബറില്‍ 18826 യൂണിറ്റായിരുന്നു ഡിസയറിന്റെ വില്‍പന. മാരുതിയുടെ വാഗണ്‍ ആര്‍ (15566 യൂണിറ്റ്), സ്വിഫ്റ്റ് (14594 യൂണിറ്റ്), ബലെനോ (11093 യൂണിറ്റ്) എന്നിവ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലെത്തി. 

12899 യൂണിറ്റോടെ നാലാമതായിരുന്ന ഹ്യുണ്ടായി ഗ്രാന്റ് ഐ 10 ആറാം സ്ഥാനത്തേക്ക് (11059 യൂണിറ്റ്‌) പിന്തള്ളപ്പെട്ടപ്പോള്‍ മികച്ച വില്‍പനയോടെ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി സെലാരിയോ ഏഴാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്നു (9543 യൂണിറ്റ്‌). എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ ചുരുങ്ങിയ കാലയളവില്‍ വിപണി പിടിച്ച റെനോ ക്വിഡിനാണ് ഏട്ടാം സ്ഥാനം. കഴിഞ്ഞ വര്‍ഷം രാജ്യത്തെത്തി റെക്കോഡ് വേഗത്തില്‍ ഒരു ലക്ഷം യൂണിറ്റ് വില്‍പന പിന്നിട്ട ക്വിഡ് തുടര്‍ച്ചയായ രണ്ടാം മാസമാണ് ഏട്ടാം സ്ഥാനത്തെത്തുന്നത്. 

ആദ്യ പത്തില്‍ ഹ്യുണ്ടായി കാറുകളുടെ ഗ്രാഫ് കുത്തനെ താഴെക്കാണെങ്കിലും വിശ്വസ്ത മോഡല്‍ എലൈറ്റ് ഐ 20 ഒമ്പതാം സ്ഥാനം നിലനിര്‍ത്തി, കഴിഞ്ഞ നവംബറില്‍ 8264 യൂണിറ്റായിരുന്ന വില്‍പന 7601 യൂണിറ്റിലെത്തി. ചെറു കാര്‍ ശ്രേണിയില്‍ ക്വിഡിന് ശക്തനായ എതിരാളിയാണ് താനെന്ന് തെളിയിച്ച് ടാറ്റ ടിയാഗോ ആദ്യമായി ആദ്യ പത്തില്‍ ഇടംപിടിച്ചു. 6008 യൂണിറ്റ് ടിയാഗോ മോഡലുകളാണ് നവംബറില്‍ ടാറ്റ നിരത്തിലെത്തിച്ചത്. പാസഞ്ചര്‍ വാഹന ശ്രേണിയില്‍ കമ്പനി ആകെ വിറ്റഴിച്ചതില്‍ 47 ശതമാനം വിഹിതവും ടിയാഗോയില്‍ നിന്നാണ്.