ഇന്ത്യന്‍ നിരത്തുകള്‍ക്ക് അന്യമാണെങ്കിലും ഇന്ത്യയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ജിമ്‌നി ഓഫ് റോഡ് എസ്.യു.വികള്‍ വിദേശ രാജ്യത്തേക്ക് കയറ്റി അയച്ചുതുടങ്ങി. ഇതിന്റെ ഭാഗമായി ജിമ്‌നിയുടെ 184 യൂണിറ്റ് അടങ്ങുന്ന ആദ്യ ബാച്ച് ഗുജറാത്തിലെ മുംദ്ര പോര്‍ട്ടില്‍ നിന്ന് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ കൊളംമ്പിയ, പെറു എന്നിവിടങ്ങളിലേക്കാണ് അയച്ചത്.
ഇന്ത്യയില്‍ നിര്‍മിക്കുന്ന ജിമ്‌നി എസ്.യു.വികള്‍ മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കും മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും കയറ്റുമതി ചെയ്യുമെന്ന് മാരുതി സുസുക്കി അറിയിച്ചു. എന്നാല്‍, ഈ വാഹനം എപ്പോള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
ലോകത്തിലുടനീളമുള്ള ജിമ്‌നി ആരാധകരെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന വാഹനമായിരിക്കും ഇന്ത്യയില്‍ നിര്‍മിക്കുക. സുസുക്കി മോട്ടോര്‍ കോര്‍പറേഷന്റെ ജപ്പാനിലെ പ്ലാന്റില്‍ നിര്‍മിക്കുന്ന മോഡലുകള്‍ക്ക് സമാനമായ സവിശേഷതയോടെ ആയിരിക്കും ഗുരുഗ്രാമിലും ജിമ്‌നി ഒരുങ്ങുകയെന്ന് മാരുതി സുസുക്കി ഇന്ത്യയുടെ മേധാവി അഭിപ്രായപ്പെട്ടു.
ജപ്പാനില്‍ സുസുക്കി ഇറക്കിയിട്ടുള്ള ത്രീ ഡോര്‍ ജിമ്‌നി തന്നെയാണ് ഇന്ത്യയിലും നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളത്. 3645 എം.എം. നീളവും 1645 എം.എം. വീതിയും 1720 എം.എം. ഉയരത്തിലൂമാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. ഓഫ് സംവിധാനങ്ങളുള്ള ഈ വാഹനത്തിന് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ ഒരുക്കും.
2018-ലാണ് ആഗോളതലത്തില്‍ ജിമ്‌നി എന്ന മോഡല്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ജിപ്‌സി അപ്രത്യക്ഷമായതിനെ തുടര്‍ന്ന് 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ജിമ്‌നി പ്രദര്‍ശനത്തിനെത്തുകയായിരുന്നു. ഇന്ത്യയില്‍ നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഈ വാഹനം ആഭ്യന്തര നിരത്തുകളില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് നിര്‍മാതാക്കള്‍ വ്യക്തത വരുത്തിയിട്ടില്ല.
Content Highlights: Maruti Started To Export Jimny Off Road SUV From India