കൈവെച്ചതിലെല്ലാം നൂറ് മേനി നേട്ടമുണ്ടാക്കിയിട്ടുള്ളതാണ് മാരുതിയുടെ ചരിത്രം. ഇത് എര്‍ട്ടിഗയിലും ആവര്‍ത്തിക്കുകയാണ്. 2018-ലാണ് മാരുതിയുടെ മള്‍ട്ടി പര്‍പ്പസ് വാഹനമായ(എം.പി.വി) എര്‍ട്ടിഗയുടെ പുതുതലമുറ അവത​രിപ്പിക്കുന്നത്. പുറത്തിറങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ 5.5 ലക്ഷം യൂണിറ്റാണ് നിരത്തുകളില്‍ എത്തിയിട്ടുള്ളത്.  

2018 ഏപ്രിലിലാണ് എര്‍ട്ടിഗയുടെ പുതുതലമുറ വിപണിയില്‍ എത്തിയത്. ഡിസൈന്‍ മാറ്റത്തിനൊപ്പം കൂടുതല്‍ സൗകര്യങ്ങളുമായി എത്തിയ വാഹനത്തിന് തുടക്കം മുതല്‍ തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഈ ശ്രേണിയിലെ എതിരാളികളെക്കാള്‍ കുറഞ്ഞ വിലയും വാഹനത്തിന്റെ വില്‍പ്പനയ്ക്ക് കരുത്തേകിയിട്ടുണ്ട്.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ സെപ്റ്റംബര്‍ മാസം വരെയുള്ള കണക്കനുസരിച്ച് 47 ശതമാനം വിപണി വിഹിതമാണ് എര്‍ട്ടിഗയ്ക്കുള്ളതെന്ന് കമ്പനി അറിച്ചു. 1.5 ലിറ്റര്‍ കെ സീരീസ് എന്‍ജിന്‍, സ്മാര്‍ട്ട് ഹൈബ്രിഡ് ആന്‍ഡ് എ.ടി. ടെക്‌നോളജി, ഫാക്ടറിയില്‍ ഘടിപ്പിച്ച എസ്.സി.എന്‍.ജി. ടെക്‌നോളജിയുമായി വരുന്ന ഏക എം.പി.വി. എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്.

ഫീച്ചറുകളുടെ കാര്യത്തിലും ഈ എം.പി.വി അല്‍പ്പം മുന്നിലാണ്. മാരുതി സുസുക്കിയുടെ സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിങ്ങ് സെന്‍സര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/ സ്റ്റോപ്പ്, ലെതര്‍ ആവരണമുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ എന്നിവ അകത്തളത്തെ സമ്പന്നമാക്കുന്നുണ്ട്. 

മാരുതിയുടെ ബൊലേനൊ, സ്വിഫ്റ്റ് തുടങ്ങിയ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ഹാര്‍ട്ട്‌ടെക്ട് പ്ലാറ്റ്‌ഫോമിലാണ് ഈ എം.പി.വിയും ഒരുങ്ങിയിട്ടുള്ളത്. മുന്‍ മോഡലിനെക്കാള്‍ 10 മുതല്‍ 20 കിലോ വരെ ഭാരം കുറച്ചാണ് പുതിയ പതിപ്പ് എത്തിയത്. 4395 എം.എം നീളവും 1735 എം.എം വീതിയും 1690 എം.എം ഉയരവുമുള്ള ഈ വാഹനത്തിന് 2740 എം.എം വീല്‍ബേസുമുണ്ട്.

Content Highlights; Maruti Sold 5.5 Lakhs Unit Ertiga In Two Years