ന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ ടോപ്പ് സെല്ലിങ്ങ് മോഡലാണ് മാരുതിയുടെ ബലേനൊ. വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്ത് തുടരുന്ന ഈ വാഹനം പുതിയ ഒരു റെക്കോഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. 51 മാസത്തിനുള്ളില്‍ 7.2 ലക്ഷം ബലേനൊ നിരത്തിലെത്തിച്ചാണ് റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. അതായത് ഓരോ മൂന്ന് മിനിറ്റിലും ഒരു ബലേനൊ പുറത്തിറങ്ങുന്നുണ്ട്.

2015-ലാണ് ബലേനൊ എന്ന പേരില്‍ മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് നിരത്തിലെത്തുന്നത്. ആദ്യ ഒരു ലക്ഷം എന്ന നമ്പറിലെത്താന്‍ ഒരു വര്‍ഷം സമയമാണ് വേണ്ടിവന്നത്. പിന്നടങ്ങോട്ട് അതിവേഗമായിരുന്നു ബലേനൊയുടെ വളര്‍ച്ച. നാല് വര്‍ഷവും മൂന്ന് മാസവും പിന്നിട്ടതോടെ ഏഴ് ലക്ഷം എന്ന നമ്പറിലെത്തി നില്‍കുകയാണ് ബലേനൊയുടെ കുതിപ്പ്.

7,20,733 യൂണിറ്റ് ബലേനൊ നിരത്തിലെത്തിയതില്‍ 6,16,867 യൂണിറ്റും ഡീസല്‍ മോഡലുകളാണ്. 1,03,866 യൂണിറ്റ് പെട്രോള്‍ മോഡല്‍ മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളത്. ഇന്ത്യയിലെ 200 നഗരങ്ങളിലായുള്ള മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ബലേനൊ നിരത്തുകളിലെത്തുന്നത്. ഹ്യുണ്ടായി എലൈറ്റ് ഐ20 ആയിരുന്ന ബലേനൊയുടെ പ്രധാന എതിരാളി.

ഒരു മാസം ശരാശരി 14,132 ബലേനൊ നിരത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2019 ഓട്ടോമൊബൈല്‍ മേഖല മാന്ദ്യത്തിന്റെ പിടിയിലായിരുന്നു. അതുകൊണ്ടുതന്നെ മുന്‍ വര്‍ഷത്തെ അനുസരിച്ച് 14 ശതമാനം ഇടിവാണ് ബലേനൊയുടെ വില്‍പ്പനയില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, തിരിച്ചുവരവിന്റെ ട്രെന്റ് കാണിച്ച് 20,485 യൂണിറ്റ് ബലേനൊയാണ് 2020 ജനുവരിയില്‍ പുറത്തിറങ്ങിയത്.

രാജ്യത്തെ വാഹനങ്ങള്‍ ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്നതിനെ തുടര്‍ന്ന് ബലേനൊയുടെ ഡീസല്‍ പതിപ്പിന്റെ ഉത്പാദനം അവസാനിപ്പിച്ചിരിക്കുകയാണ്. 75 പിഎസ് പവറും 190 എന്‍എം ടോര്‍ക്കും നല്‍കിയിരുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരുന്നു ഇതിന് കരുത്തേകിയിരുന്നത്. മാനുവല്‍, സിവിടി ട്രാന്‍സ്മിഷനുകളില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാണ് ബലേനൊ ഇപ്പോള്‍ എത്തുന്നത്.

Source: RushLane

Content Highlights: Maruti Sells 7.2 Lakhs Baleno In 51 Months