ബിഎസ്-6 എന്‍ജിന്‍ പ്രാബല്യത്തില്‍ വരുന്നതോടെ കരുത്തുകുറഞ്ഞ ഡീസല്‍ എന്‍ജിനിലുള്ള വാഹനങ്ങളുടെ ഉത്പാദനം അവസാനിപ്പിക്കുമെന്ന് മാരുതി മുമ്പുതന്നെ അറിയിച്ചിരുന്നു. ഈ പ്രഖ്യാപനം നടപ്പാക്കി തുടങ്ങിയെന്ന് സൂചന നല്‍കി മാരുതിയുടെ ജനപ്രിയ സെഡാന്‍ മോഡലായ സ്വിഫ്റ്റിന്റെ ഡീസല്‍ പതിപ്പ് വെബ്‌സൈറ്റില്‍ നിന്ന് നീക്കി.
നിലവില്‍ മാരുതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 1.2 ലിറ്റര്‍ വിവിടി പെട്രോള്‍ എന്‍ജിന്‍ സ്വിഫ്റ്റിന്റെ വിവരങ്ങള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. ബിഎസ്-6 നിലാരത്തിലേക്ക് മാറിയ 1197 സിസി നാല് സിലിണ്ടര്‍ എന്‍ജിനാണ് ഇത്. 81 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.
1248 സിസിയായിരുന്നു നിരത്തൊഴിയുന്ന 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് എന്‍ജിന്റെ ശേഷി. ഇത് 74 ബിഎച്ച്പി പവറും 190 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളും ഈ എന്‍ജിനൊപ്പം നല്‍കിയിരുന്നു. ഡിസയര്‍, എര്‍ട്ടിഗ, നിരത്തൊഴിഞ്ഞ റിറ്റ്‌സ് എന്നീ മോഡലുകള്‍ക്കും ഈ എന്‍ജിന്‍ കരുത്തേകിയിരുന്നു.
ഫിയറ്റിന്റെ വളരെ പ്രസിദ്ധമായ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് സ്വിഫ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്നത്. ബിഎസ്-4 നിലവാരത്തിലുണ്ടായിരുന്ന ഈ എന്‍ജിന്‍ ബിഎസ്-6 ആകില്ലെന്ന് ഫിയറ്റ് മുമ്പുതന്നെ അറിയിച്ചിരുന്നു. സ്വിഫ്റ്റിന് പുറമെ, മാരുതിയുടെ മറ്റ് ഏതാനും ചില മോഡലുകളിലും ഈ എന്‍ജിനാണ് കരുത്തേകിയിരുന്നത്.
ഇന്ത്യയില്‍ പല വാഹനനിര്‍മാതാക്കളുടെ 21-ഓളം വാഹനങ്ങളില്‍ ഈ എന്‍ജിനാണ് ഉപയോഗിച്ചിരുന്നത്. 8,00,050 യൂണിറ്റ് 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് എന്‍ജിന്‍ നിര്‍മിച്ചിട്ടുണ്ടെന്നാണ് ഫിയറ്റിന്റെ കണക്ക്. മികച്ച ഇന്ധനക്ഷമതയായിരുന്നു ഈ എന്‍ജിന്റെ പ്രധാന സവിശേഷത. മള്‍ട്ടിജെറ്റ് എന്‍ജിനിലുള്ള വാഹനങ്ങളില്‍ 15 കിലോമീറ്ററില്‍ കുറയാതെ മൈലേജ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Maruti Removed Swift Diesel Form Official Website, Maruti Swift Diesel Discontinued