പെട്രോള്‍ വില സെഞ്ചുറിയടിച്ച് മുന്നേറുന്നതിനിടെയാണ് ഇന്ത്യയിലെ ഏറ്റവും അധികം ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍ എന്ന വാഗ്ദാനവുമായാണ് മാരുതിയുടെ ഏറ്റവും പുതിയ മോഡലായ പുതുതലമുറ സെലേറിയോ നിരത്തുകളില്‍ എത്താനൊരുങ്ങുന്നത്. ഉയര്‍ന്ന മൈലേജും കിടിലന്‍ ലുക്കും പുതുതലമുറ ഫീച്ചറുകളുമായി ഒരുങ്ങിയിട്ടുള്ള മാരുതി സുസുക്കി സെലേറിയ നവംബര്‍ 10-ന് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 

അവതരണത്തിന് മുന്നോടിയായി ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങും മാരുതി ആരംഭിച്ചിട്ടുണ്ട്. 11,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്. മാരുതി സുസുക്കി അരീന വെബ്‌സൈറ്റിലും മാരുതിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളിലുമാണ് ബുക്കിങ്ങ് എടുക്കുന്നത്. വാഹനത്തിന്റെ വരവ് അറിയിച്ചുള്ള ടീസര്‍ ചിത്രം കഴിഞ്ഞ ദിവസം മാരുതി പുറത്തിറക്കിയിരുന്നു. ഇതിലാണ് ഇന്ധനക്ഷമതയുള്ള വാഹനം എന്ന് അവകാശപ്പെടുന്നത്. 

ഏകദേശം 26 കിലോമീറ്റര്‍ ഇന്ധനക്ഷമതയായിരിക്കും ഈ വാഹനം നല്‍കുകയെന്നാണ് അഭ്യൂഹങ്ങള്‍. മാരുതി വികസിപ്പിച്ച ഭാരം കുറഞ്ഞ ഹാര്‍ട്ട്‌ടെക്ട് പ്ലാറ്റ്‌ഫോമിലാണ് പുതുതലമുറ സെലേറിയോ ഒരുങ്ങുന്നത്. അടിസ്ഥാനം മാറുന്നതിനൊപ്പം ഡിസൈനിലും കാര്യമായ പുതുമ വരുത്തിയിട്ടുണ്ട്. ഹണികോമ്പ് ഡിസൈനില്‍ ഓവല്‍ ഷേപ്പിലുള്ള ഗ്രില്ല്, ക്രോമിയം ലൈന്‍, പുതിയ ഹെഡ്ലാമ്പ്, ഫോഗ്ലാമ്പ്, ബ്ലാക്ക് ക്ലാഡിങ്ങ് നല്‍കിയുള്ള ബമ്പര്‍ എന്നിവയാണ് വാഹനത്തില്‍ മുന്‍വശം അലങ്കരിക്കുന്നത്. 

പിന്‍ഭാഗം മുന്‍ മോഡലിനോട് ഏറെ സാമ്യമുണ്ടെങ്കിലും ടെയ്ല്‍ലാമ്പ് പുതിയ ഡിസൈനിലാണ് ഒരുക്കിയിട്ടുള്ളത്. ഫീച്ചര്‍ സമ്പന്നമായ അകത്തളമാണ് പുതുതലമുറ സെലേറിയോയില്‍ നല്‍കിയിട്ടുള്ളതെന്നാണ് വിവരം. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായിരിക്കും ഇതില്‍ പ്രധാനം. മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയവയും അകത്തളത്തില്‍ നല്‍കും. 

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ കെ10സി ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നതെന്നാണ് വിവരം. മാനുവല്‍-ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകള്‍ ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. ചെറു ഹാച്ച്ബാക്ക് വാഹനങ്ങളില്‍ ആദ്യമായി ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യ ഈ വാഹനത്തില്‍ ഒരുങ്ങും. ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പാക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തലുകള്‍.

Content Highlights: Maruti New Generation Celerio To Launch On November 10, Most Fuel Efficient Petrol Car