മാരുതിയുടെ നിരത്തൊഴിഞ്ഞ ഓഫ് റോഡ് എസ്.യു.വി മോഡലായ ജിപ്‌സിയുടെ പകരക്കാരനായി ജിമ്‌നി എന്ന വാഹനത്തിന്റെ വരവ് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. എന്നാല്‍, ഈ വാഹനത്തിന്റെ വരവ് ഇനിയും ഏറെ നീളില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജനുവരി മാസം മുതല്‍ നെക്‌സ ഡീലര്‍ഷിപ്പുകളില്‍ ജിമ്‌നി പ്രദര്‍ശനത്തിനെത്തിക്കുമെന്നാണ് സൂചനകള്‍.

ഇതിനായി 50-ഓളം യൂണിറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാരുതിയുടെ ഗുരുഗ്രാം പ്ലാന്റില്‍ ജിപ്‌സിയുടെ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന സംവിധാനത്തില്‍ തന്നെയാണ് ജിമ്‌നിയും ഒരുക്കുന്നത്. ആദ്യ 50 യൂണിറ്റുകള്‍ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്താണ് പ്രദര്‍ശനത്തിനെത്തുന്നത്.

ത്രീ ഡോര്‍ ജിമ്‌നിയും പ്രദര്‍ശനത്തിനെത്തിന് എത്തിക്കുമെന്നാണ് വിവരം. ഈ വാഹനത്തോടുള്ള ഉപയോക്താക്കളുടെ പ്രതികരണം വിലയിരുത്തുന്നതിനാണിത്. വിപണിയില്‍ എത്തുന്നത് സംബന്ധിച്ച സൂചന നല്‍കുന്നതിന് മുമ്പുതന്നെ ജിമ്‌നിയുടെ പ്രൊഡക്ഷന്‍ പതിപ്പ് പരീക്ഷണയോട്ടത്തിന് ഇറങ്ങിയതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. 

മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വി. മോഡലായ ഥാര്‍ അടുത്തിടെ നേടിയ വന്‍വിജയത്തെ തുടര്‍ന്നാണ് മാരുതിയുടെ ത്രീ ഡോര്‍ ജിമ്‌നി ഡീലര്‍ഷിപ്പുകളില്‍ പ്രദര്‍ശനത്തിനെത്തിക്കാന്‍ തീരുമാനിച്ചത്. ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യന്‍ നിരത്തുകളില്‍ ജിമ്‌നിയുടെ അഞ്ച് ഡോര്‍ പതിപ്പ് മാത്രമേ എത്തിക്കൂവെന്നായിരുന്നു അറിയിച്ചത്.

മാരുതിയുടെ ബ്രെസ, സിയാസ്, എസ്-ക്രോസ്, എര്‍ട്ടിഗ എന്നീ മോഡലുകളില്‍ നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ജിമ്‌നിയും എത്തുക. ഇത് 103 ബി.എച്ച്.പി. പവറും 138 എന്‍.എം. ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കുക. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലെത്തുന്ന ഈ വാഹനത്തില്‍ ഫോര്‍ വീല്‍ ഡ്രൈവ് മോഡ് പ്രതീക്ഷിക്കാം.

Source: Team BHP

Content Highlights: Maruti Jimny To Be Displayed In Nexa Dealership From January 2021