ന്ത്യയിലെ കാര്‍ വിപണിയുടെ മേധാവിത്വം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് മാരുതി. ഇന്ത്യന്‍ നിരത്തില്‍ ആവശ്യക്കാര്‍ ഏറിവരുന്ന എംപിവി വിഭാഗത്തിലാണ് മാരുതി പിടിമുറുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മാരുതിയുടെ ജനപ്രീയ എംപിവിയായ എര്‍ട്ടിഗയുടെ ക്രോസ് ഓവര്‍ നിരത്തിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.

സുസുക്കി വികസിപ്പിച്ച പുതിയ ഹാര്‍ട്ട്‌ടെക്ട് പ്ലാറ്റ്‌ഫോമിലായിരിക്കും എര്‍ട്ടിഗയുടെ ക്രോസ് ഓവര്‍ പുറത്തിറക്കുക. മുന്‍ മോഡലുകളെക്കാള്‍ ഇന്ധന ക്ഷമത ഉറപ്പാക്കുന്നതിന് പുറമെ, കൂടുതല്‍ കാര്യക്ഷമമായ സുരക്ഷാ സംവിധാനങ്ങളും പുതിയ വാഹനത്തില്‍ ഒരുക്കുമെന്നാണ് സൂചന. 

മാരുതിയുടെ ചെറു എസ്‌യുവിയായ എസ്-ക്രോസിന്റെ മാതൃകയിലായിരിക്കും ക്രോസ് ഓവറിന്റെ മുന്‍വശത്തിന്റെ രൂപകല്‍പ്പന നിര്‍വഹിക്കുക. എസ്-ക്രോസില്‍ നല്‍കിയിരിക്കുന്ന ക്രോമിയം ഫിനീഷിങ് ഗ്രില്ലുകളും ക്ലാഡിങ്ങുകള്‍ നല്‍കിയിരിക്കുന്ന ബമ്പറുമാണ് മുന്‍ഭാഗത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നത്. 

കൂടുതല്‍ ബ്ലാക്ക് നിറമായിരിക്കും ക്യാബിനില്‍ നല്‍കുക. ഇതിന് പുറമെ, നാവിഗേഷന്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നീ സംവിധാനങ്ങളുള്ള സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റമായിരക്കും ഇതില്‍ നല്‍കുക. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റും ക്രോസ് ഓവര്‍ എര്‍ട്ടിഗയില്‍ ഉള്‍പ്പെടുത്തും. 

സുസുക്കിയുടെ ഹൈബ്രീഡ് ടെക്‌നോളജിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാണ് എര്‍ട്ടിഗ പുറത്തിറക്കുക. എര്‍ട്ടിഗ ക്രോസ് ഓവറില്‍ നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 104 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമേകും. വിറ്റാര ബ്രെസ, എസ്-ക്രോസ് എന്നീ വാഹനങ്ങളുടെ പെട്രോള്‍ മോഡലിലും 1.5 ലിറ്റര്‍ എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 

ആറ് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളിലായിരിക്കും എര്‍ട്ടിഗ ക്രോസ് ഓവറിന്റെ പെട്രോള്‍ മോഡലുകള്‍ പുറത്തിറക്കുക.