കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ 40 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇത് രാജ്യത്തിന് തിട്ടപ്പെടുത്താന്‍ കഴിയാത്ത നഷ്ടമാണ് സമ്മാനിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവുമധികം നഷ്ടമുണ്ടായിരിക്കുന്ന മേഖലകളിലൊന്നാണ് വാഹനവിപണി. എന്നാല്‍, ഇതിനെ മറികടക്കാനുള്ള നടപടികള്‍ വാഹനനിര്‍മാതാക്കള്‍ ആരംഭിച്ച് കഴിഞ്ഞു.
ടൊയോട്ട, ഹ്യുണ്ടായി എന്നീ വാഹനനിര്‍മാതാക്കള്‍ക്ക് പിന്നാലെ മാരുതിയും വിലക്കില്‍ ഇളവ് നല്കിയ പ്രദേശങ്ങളിലെ ഡീലര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ തുറന്നുപ്രവര്‍ത്തനം ആരംഭിച്ചു. ജീവനക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കര്‍ശന നിര്‍ദേശങ്ങളാണ് മാരുതി ഡീലര്‍ഷിപ്പുകള്‍ക്കും സര്‍വീസ് സെന്ററുകള്‍ക്കും നല്‍കിയിരിക്കുന്നത്.
രാജ്യത്തുടനീളമുള്ള ഷോറൂമുകളില്‍ ശുചിത്വം ഉറപ്പാക്കുന്നതിനും സാനിറ്റൈസേഷന്‍ നടത്തുന്നതിനും മറ്റ് നടപടി ക്രമങ്ങള്‍ക്കുമായി മാരുതി സ്റ്റാന്റേഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജര്‍ പുറത്തിറക്കിയിട്ടുണ്ട്. മാരുതി സുസുക്കിയിലെ വിദഗ്ധരും ഉപയോക്താകളുടെ പ്രതിനിധികളും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്.
ഒരു ഉപയോക്താവ് ഷോറൂമില്‍ എത്തുന്നത് മുതല്‍ വാഹനത്തിന്റെ ഡെലിവറി പൂര്‍ത്തിയാക്കുന്നത് വരെയുള്ള നടപടികള്‍ നിരീക്ഷിച്ചാണ് മാര്‍ഗരേഖ ഒരുക്കിയിരിക്കുന്നത്. എല്ലാ നടപടികളിലും സുരക്ഷ ഉറപ്പാക്കുന്നതിനും വൈറസ് വ്യാപനം തടയുന്നതിനുമുള്ള നടപടികള്‍ കമ്പനി സ്വീകരിച്ച് വൈറസ് വിമുക്ത അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്.
ഇതിനുപുറമെ, ഉപയോക്താക്കള്‍ക്ക് വാഹനവും മറ്റ് പാര്‍ട്സുകളും മാരുതിയുടെയും നെക്സയുടെയും വെബ്സൈറ്റുകളില്‍ നിന്നും വാങ്ങാനുള്ള അവസരവും ഒരുക്കുന്നുണ്ട്. എല്ലാ സംവിധാനവും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലായതിനാല്‍ ഒരുപരിധി വരെ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.
മാരുതിയുടെ വാഹനങ്ങള്‍ക്ക് ഹോം ഡെലിവറി സംവിധാനവും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്ന ജീവനക്കാര്‍ ആയിരിക്കും വാഹനം വീടുകളില്‍ എത്തിക്കുക. കാര്‍ ഉപയോക്താവിന് കൈമാറുന്നതിന് മുമ്പുതന്നെ അണുവിമുക്തമാക്കുയും ശുചിത്വം ഉറപ്പാക്കുകയും ചെയ്യുമെന്നാണ് മാരുതി അവകാശപ്പെടുന്നത്.
Content Highlights: Maruti Introduce Standard Operating Procedure For Dealers and Service Centers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..