ന്ത്യയിലെ ഹാച്ച്ബാക്ക് വാഹനങ്ങളിലെ പുത്തന്‍ റെക്കോഡ് സ്വന്തം പേരില്‍ ചേര്‍ത്തിരിക്കുകയാണ് മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് വാഹനമായ ബലേനൊ. പുറത്തിറങ്ങി നാല് വര്‍ഷത്തിനുള്ളില്‍ 6.5 ലക്ഷം യൂണിറ്റ് നിരത്തിലെത്തിച്ചാണ് ബലേനൊ റെക്കോഡ് സ്വന്തമാക്കിയത്. 

2015 ഒക്ടോബറിലാണ് മാരുതി ബലേനൊ നിരത്തിലെത്തിച്ചത്. പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ആദ്യ ഒരുലക്ഷത്തിലെത്തിയത്. എന്നാല്‍, അടുത്ത എട്ട് മാസത്തില്‍ ഒരു ലക്ഷവും പിന്നീടുള്ള അഞ്ച് മാസത്തിനുള്ളില്‍ ഒരു ലക്ഷവും നിരത്തിലെത്തിച്ച് അതിവേഗം മൂന്ന് ലക്ഷത്തിലെത്തുകയായിരുന്നു. 

കഴിഞ്ഞ മേയ് മാസത്തില്‍ തന്നെ ബലേനൊയുടെ വില്‍പ്പന ആറ് ലക്ഷം കടന്നിരുന്നു. അതേസമയം, വാഹനവിപണിയില്‍ കനത്ത ഇടിവ് നേരിട്ട കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ ബലേനൊയുടെ 50,000 യൂണിറ്റ് പുറത്തിറങ്ങി. പ്രതിമാസം ശരാശരി 10,000 യൂണിറ്റ് പുറത്തിറങ്ങിയെന്നാണ് സൂചന.

നെക്സ്റ്റ് ജനറേഷന്‍ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനത്തോടെ പുതിയ ബലേനോ മോഡലും അടുത്തിടെ മാരുതി പുറത്തിറക്കിയിരുന്നു. രാജ്യത്തെ ആദ്യ ബിഎസ് 6 പ്രീമിയം ഹാച്ച്ബാക്ക് മോഡലെന്ന ഖ്യാതിയും ഇതോടെ ബലനോയ്ക്ക് ലഭിച്ചിരുന്നു. 

ഇന്ത്യന്‍ നിരത്തുകള്‍ക്ക് പുറമെ, വിദേശ രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുള്ള ബലേനൊയുടെ പ്രധാന എതിരാളികള്‍ ഹ്യുണ്ടായ് ഐ 20, ഫോക്സ്വാഗണ്‍ പോളോ, ഹോണ്ട ജാസ് എന്നിവയാണ്.

Content Highlights: Maruti Has Sold Over 6.5 Lakh Units Of Baleno In 4 Years