മാരുതി പുറത്തുവിട്ട ടീസർ ചിത്രങ്ങൾ | Photo: Social Media
ബ്രെസയില്‍ നിന്ന് മുറിച്ച് മാറ്റിയ വിത്താര എന്ന പേരില്‍ ബ്രെസയെക്കാള്‍ വലിയ വാഹനം എത്തിക്കുകയാണ് മാരുതി സുസുക്കി. ഗ്രാന്റ് വിത്താര എന്ന പേരില്‍ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയില്‍ എത്തുന്ന ഈ വാഹനത്തില്‍ മാരുതിയില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത ഫീച്ചറുകളാണ് നല്‍കുകയെന്നാണ് സൂചനകള്‍. ജൂലായി 20 അവതരിപ്പിക്കാനിരിക്കുന്ന ഈ വാഹനത്തിന്റെ ഏതാനും മികച്ച ഫീച്ചറുകള്‍ വെളിപ്പെടുത്തുന്ന ടീസര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് നെക്സ.
മാരുതി സുസുക്കിയില്‍ നിന്നെത്തുന്ന ഏറ്റവും വില കൂടിയതും ഫീച്ചര്‍ സമ്പന്നവുമായ എസ്.യു.വിയായിരിക്കും ഗ്രാന്റ് വിത്താരയെന്നാണ് വിലയിരുത്തലുകള്‍. മാരുതി സുസുക്കിയുടെ വാഹനങ്ങളില്‍ ആദ്യമായി സണ്‍റൂഫ് നല്‍കിയത് ബ്രെസയില്‍ ആണെങ്കില്‍ വിത്താരയില്‍ എത്തുമ്പോള്‍ റൂഫ് മുഴുവന്‍ നിറയുന്ന പനോരമിക് സണ്‍റൂഫാണ് നല്‍കുന്നതെന്നാണ് ടീസര്‍ നല്കുന്ന സൂചന. ഇതിനുപുറമെ, സാങ്കേതിക സംവിധാനങ്ങളുടെ മികവില്‍ കണക്ടഡ് കാറായായിരിക്കും വിത്താര എത്തുക.
വിത്താരയുടെ ഡിസൈന്‍ മികവും ഫീച്ചറുകളും വെളിപ്പെടുത്തിയാണ് ടീസര്‍ ചിത്രീകരിച്ചിരിക്കുന്നത്. മാരുതിയുടെ വാഹനങ്ങളില്‍ ഏറ്റവും സൗന്ദര്യമുള്ള വാഹനമായിരിക്കും വിത്താര. ക്രോമിയം ആവരണം നല്കി അലങ്കരിച്ചിരിക്കുന്ന ഗ്രില്ല്, മൂന്ന് നിരയായി നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്ലാമ്പ് എന്നിവയാണ് മുഖസൗന്ദരത്തില് വെളിപ്പെടുത്തിയിട്ടുള്ളത്. എല്‍.ഇ.ഡിയിലാണ് ടെയ്ല്‍ലാമ്പും ഒരുങ്ങിട്ടുള്ളത്. രണ്ട് ലൈറ്റുകളെ ബന്ധിപ്പിച്ച ഹാച്ച്ഡോറിലൂടെ നീളുന്ന എല്‍.ഇ.ഡി. സ്ട്രിപ്പും പിന്‍വശത്തിന് അഴകേകും.
വിത്താരയിലെ ഓള് വീല്‍ ഡ്രൈവ് സംവിധാനം തെളിയിക്കുന്ന ഓള് ഗ്രിപ്പ് ബാഡ്ജിങ്ങും ഹൈബ്രിഡ് സാങ്കേതികവിദ്യ തെളിയിക്കുന്ന ഹൈബ്രിഡ് ബാഡ്ജിങ്ങും പിന്‍ഭാഗത്ത് നല്‍കിയിട്ടുണ്ട്. അകത്തളത്തില്‍ ഇ.വി. മോഡ് ഡ്രൈവ് മോഡ് എന്നിങ്ങനെ മോഡുകളെ നിയന്ത്രിക്കുന്നതിനുള്ള സ്വച്ചുകള്‍ നല്‍കിയിട്ടുണ്ട്. സ്നോ, സ്പോട്ട് എന്നീ ഡ്രൈവ് മോഡുകള്‍ സെലക്ട് ചെയ്യുന്നതിനുള്ള നോബും അകത്തളത്തില്‍ ഒരുങ്ങിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും അകത്തളത്തിന്റെ സവിശേഷതകളില്‍ ഒന്നാണ്.
സ്ട്രോങ്ങ് ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് എന്നിങ്ങലെ രണ്ട് എന്ജിന് ഓപ്ഷനുകളിലായിരിക്കും വിത്താര എത്തുന്നത്. ടൊയോട്ടയുടെ 1.5 ലിറ്റര്‍ അറ്റകിസണ്‍ സൈക്കിള്‍ എന്‍ജിനാണ് സ്ട്രോങ്ങ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം നല്‍കുന്നത്. ഈ എന്ജിന് 92 ബി.എച്ച്.പി. പവറും 122 എന്‍.എം. ടോര്‍ക്കും ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോര്‍ 79 ബി.എച്ച്.പി. പവറും 141 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 177.6 വാട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്.
മൈല്‍ഡ് ഹൈബ്രിഡ് മോഡലില്‍ മാരുതിയുടെ 1.5 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ എന്ജിന് 103 ബി.എച്ച്.പി. പവറും 137 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, മാരുതിയുടെ ക്രോസ്ഓവര്‍ മോഡലായ എസ്-ക്രോസിന്റെ പകരക്കാരനായായിരിക്കും വിത്താര എത്തുകയെന്നും വിലയിരുത്തലുണ്ട്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, സ്കോഡ കുഷാക്, ഫോക്സ്വാഗണ് ടൈഗൂണ്‍ തുടങ്ങിയ വാഹനങ്ങളുമായായിരിക്കും ടൊയോട്ട-മാരുതി മിഡ്-സൈസ് എസ്.യു.വികള്‍ മത്സരിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..