ടൊയോട്ട ഹൈറൈഡർ | Photo: Toyota
ടൊയോട്ട-സുസുക്കി കൂട്ടുകെട്ടിന്റെ ഭാഗമായി മാരുതിയുടെ വാഹനങ്ങള്‍ ടൊയോട്ടയുടെ മേല്‍വിലാസത്തില്‍ എത്തുന്നത് നമ്മള് കണ്ടിട്ടുള്ളതാണ്. ബലേനോയുടെ ടൊയോട്ട പതിപ്പ് ഗ്ലാന്‍സ, ബ്രെസയുടെ ടൊയോട്ട മോഡല്‍ അര്‍ബന്‍ ക്രൂയിസര്‍ എന്നിവ ഉദാഹരണങ്ങളാണ്. എന്നാല്‍, ആദ്യമായി ടൊയോട്ടയുടെ മേല്‍വിലാസത്തില്‍ ആദ്യമെത്തിയ വാഹനത്തിന്റെ മാരുതി പതിപ്പ് വിപണിയില്‍ എത്താനൊരുങ്ങുകയാണ്. ജൂലായ് 20-നാണ് ഈ വാഹനം പ്രദര്‍ശനത്തിനെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
ജൂണ്‍ 30 ടൊയോട്ട പ്രദര്‍ശിപ്പിച്ച മിഡ്-സൈസ് എസ്.യു.വി. മോഡലായ അര്‍ബണ്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ മാരുതി പതിപ്പാണ് ജൂലായി 20-ന് എത്തുന്നത്. ഓഗസ്റ്റിലായിരിക്കും വില പ്രഖ്യാപനം. റീബാഡ്ജിങ്ങ് പതിപ്പാണെങ്കിലും ഏറെ മാറ്റങ്ങളോടെയായിരിക്കും മാരുതി മോഡല്‍ എത്തുക. ബ്രെസയില്‍ നിന്ന് മുറച്ച് മാറ്റിയ വിത്താര എന്ന പേരായിരിക്കും ഈ മിഡ്-സൈസ് എസ്.യു.വിക്ക് നല്‍കുകയെന്നാണ് വിവരം. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം മാരുതി നടത്തിയിട്ടില്ല.
ടൊയോട്ട ഹൈറൈഡറിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന മാരുതി മോഡലിലും സ്ട്രോങ്ങ് ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലുള്ള എന്‍ജിനുകള്‍ നല്‍കും. സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലില്‍ ടൊയോട്ടയുടെ നാലാം തലമുറ ഇ ഡ്രൈവ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ഒരുങ്ങുന്നത്. അതേസമയം, മൈല്‍ഡ് ഹൈബ്രിഡ് പതിപ്പില്‍ മാരുതി എക്സ്.എല്‍6, ബ്രെസ തുടങ്ങിയ മോഡലില്‍ നല്‍കിയിട്ടുള്ള സാങ്കേതികവിദ്യയായിരിക്കും ഒരുങ്ങുകയെന്നാണ് വിവരം.
ടൊയോട്ടയുടെ 1.5 ലിറ്റര്‍ അറ്റകിസണ്‍ സൈക്കിള്‍ എന്‍ജിനാണ് സ്ട്രോങ്ങ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം നല്‍കുന്നത്. ഈ എന്ജിന് 92 ബി.എച്ച്.പി. പവറും 122 എന്‍.എം. ടോര്‍ക്കും ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോര്‍ 79 ബി.എച്ച്.പി. പവറും 141 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 177.6 വാട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്. ഹൈബ്രിഡ് സംവിധാനത്തിന്റെ കരുത്തില്‍ 25 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമതയാണ് ഈ വാഹനം നല്‍കുക.
മൈല്‍ഡ് ഹൈബ്രിഡ് മോഡലില്‍ മാരുതിയുടെ 1.5 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ എന്ജിന് 103 ബി.എച്ച്.പി. പവറും 137 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, മാരുതിയുടെ ക്രോസ്ഓവര്‍ മോഡലായ എസ്-ക്രോസിന്റെ പകരക്കാരനായായിരിക്കും വിത്താര എത്തുകയെന്നും വിലയിരുത്തലുണ്ട്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, സ്കോഡ കുഷാക്, ഫോക്സ്വാഗണ് ടൈഗൂണ്‍ തുടങ്ങിയ വാഹനങ്ങളുമായായിരിക്കും ടൊയോട്ട-മാരുതി മിഡ്-സൈസ് എസ്.യു.വികള്‍ മത്സരിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..