ര്‍ട്ടിഗയുടെ പുതിയ പതിപ്പ് വന്നതിന് പിന്നാലെ മൂന്നോ നാലോ മോഡലുകളും മാരുതി ഇറക്കികഴിഞ്ഞു. എര്‍ട്ടിഗ സ്‌പോര്‍ട്ട്, എര്‍ട്ടിഗ ജിടി എന്നിവയ്ക്ക് പിന്നാലെ എര്‍ട്ടിഗയുടെ ആറ് സീറ്റ് വേരിയന്റും അവതരിപ്പിക്കുകയാണ്. നിരത്തിലെത്തുന്നതിന് മുന്നോടിയായി പരീക്ഷണയോട്ടത്തിലാണ് ഈ വാഹനം.

ഏഴ് സീറ്റുകളുമായായിരുന്നു എര്‍ട്ടിഗ സാധാരണ എത്തിയിരുന്നത്. ഇതില്‍നിന്നു മാറി മൂന്ന് നിരയിലും ക്യാപ്റ്റന്‍ സീറ്റ് ഒരുക്കുന്നതോടെ വാഹനം ഏറെ സ്പേഷ്യസും എക്‌സിക്യൂട്ടീവുമാകുമെന്നാണ് വിലയിരുത്തലുകള്‍.

ആറ് സീറ്റില്‍ എത്തുന്ന എര്‍ട്ടിഗ മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സയിലൂടെയായിരിക്കും പുറത്തിറങ്ങുക. പരീക്ഷണയോട്ടം തുടങ്ങിയതിനാല്‍ തന്നെ ഏറെ വൈകാതെ തന്നെ ഈ വാഹനം നിരത്തില്‍ പ്രതീക്ഷിക്കാം.

കഴിഞ്ഞ നവംബറിലാണ് എര്‍ട്ടിഗയുടെ രണ്ടാം തലമുറ വാഹനം ഇന്ത്യയില്‍ എത്തിയത്. ആദ്യമോഡലില്‍ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് പുതിയ എര്‍ട്ടിഗ എത്തിയത്. ഈ മോഡലില്‍ നിന്ന് സീറ്റിന്റെ ഘടനയില്‍ മാറ്റം വരുത്തിയായിരിക്കും പുതിയ മോഡല്‍ എത്തുക.

നിലവിലെ മോഡലില്‍ രണ്ടാംനിരയില്‍ ബെഞ്ച് സീറ്റാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍, ആറ് സീറ്റ് പതിപ്പില്‍ ഇത് ക്യാപ്റ്റന്‍ സീറ്റാകും. എര്‍ട്ടിഗയുടെ ടോപ്പ് എന്‍ഡ് പതിപ്പിലായിരിക്കും ഈ വാഹനം ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

1.5 ലിറ്റര്‍ K15B എസ്എച്ച്വിഎസ് പെട്രോള്‍ എന്‍ജിനിലും 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനിലുമാണ് എര്‍ട്ടിഗ നിരത്തിലെത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 104 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ ഡീസല്‍ എന്‍ജിന്‍ 89 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡ് മാനുവലും 4 സ്പീഡ് ഓട്ടോമാറ്റിക്കുമാണ് ട്രാന്‍സ്മിഷന്‍.

Content Highlights: Maruti Ertiga Sport 6-seater Model Spied in India