ള്‍ട്ടി പര്‍പ്പസ് വാഹന ശ്രേണിയില്‍ മാരുതിയുടെ തുറുപ്പുചീട്ടായ എര്‍ട്ടിഗയുടെ നിര ചെറുതാകുന്നു. എര്‍ട്ടിഗ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ നിലവിലെ അടിസ്ഥാന മോഡലായ LDi എത്തില്ലെന്നാണ് വിവരം. VDi, ZDi എന്നീ വേരിയന്റുകളില്‍ മാത്രമായിരിക്കും ഡീസല്‍ മോഡല്‍ എത്തുക.

ഇതിന്റെ ഭാഗമായി എര്‍ട്ടിഗ LDi മോഡലിനുള്ള ബുക്കിങ് അവസാനിപ്പിക്കാന്‍ മാരുതി ഡീലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ എത്തിയിരുന്ന ഈ വാഹനത്തില്‍ 1.5 ലിറ്റര്‍ എന്‍ജിന്‍ നല്‍കുകയാണെന്ന് കമ്പനി മുമ്പ് അറിയിച്ചിരുന്നു. 

അടുത്തിടെ പുറത്തിറങ്ങിയ രണ്ടാം തലമുറ എര്‍ട്ടിഗയ്ക്ക് വന്‍ ഡിമാന്റാണ് വിപണിയിലുള്ളത്. ബുക്കിങ് ലഭിച്ചതില്‍ കൂടുതലും VDi, ZDi വേരിയന്റുകള്‍ക്കാണ്. ഇത് കണക്കിലെടുത്താണ് LDi ഉത്പാദനം അവസാനിപ്പിക്കുന്നതെന്നാണ് സൂചനകള്‍.

ഇതോടെ VDi വേരിയന്റ് എര്‍ട്ടിഗ ഡീസലിന്റെ അടിസ്ഥാന മോഡലാകുമെന്നാണ് റിപ്പോര്‍ട്ട്. 9.56 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. LDi വേരിയന്റിന് 8.84 ലക്ഷം രൂപയായിരുന്നു ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.

നിലവില്‍ 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് എര്‍ട്ടിഗ എത്തുന്നത്. 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 92 എച്ച്പി പവറും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 90 എച്ച്പി പവറും നല്‍കും. രണ്ടിലും 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. പെട്രോളില്‍ ഫോര്‍ സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷണലായും ലഭിക്കും.

Content Highlights: Maruti Ertiga LDi discontinued ahead of 1.5 diesel launch