മാരുതിയുടെ എംപിവി വാഹനമായ എര്‍ട്ടിഗയുടെ സിഎന്‍ജി മോഡല്‍ പുറത്തിറങ്ങി. എര്‍ട്ടിഗ സിഎന്‍ജി, എര്‍ട്ടിഗ ടൂര്‍എം എന്ന വേരിയന്റുകളാണ് സിഎന്‍ജി കരുത്തില്‍ എത്തുന്നത്. 8.83 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്. പെട്രോള്‍ മോഡലിനെക്കാള്‍ 71,000 രൂപ അധികമാണെന്നാണ് സൂചന.

ഇന്റലിജെന്റ് ഇഞ്ചക്ഷന്‍ സിസ്റ്റം എന്ന സംവിധാനമാണ് സിഎന്‍ജി മോഡലില്‍ നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ 26.20 എന്ന ഉയര്‍ന്ന ഇന്ധനക്ഷമതയാണ് ഈ വാഹനത്തിന്  ഉറപ്പ് നല്‍കുന്നത്. 60 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക്. വാഹനത്തിലെ ഓട്ടോ ഫ്യൂവല്‍ സ്വിച്ചിന്റെ സഹായത്തോടെ സിഎന്‍ജിയില്‍ നിന്ന് പെട്രോളിലേക്ക് മാറാനും സാധിക്കും. 

എര്‍ട്ടിഗ പെട്രോള്‍ മോഡലിലെ 1.5 ലിറ്റര്‍ എന്‍ജിനാണ് ഈ വാഹനത്തിനും കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 103.26 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നതെങ്കില്‍ സിഎന്‍ജിന്‍ പതിപ്പ് 91 ബിഎച്ച്പി കരുത്തും 122 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

എര്‍ട്ടിഗയുടെ രണ്ടാംതലമുറ വാഹനമാണ് ഇപ്പോള്‍ നിരത്തുകളിലുള്ളത്. 1.3 ലിറ്റര്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിജിനും 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് ഈ വാഹനത്തിനുള്ളത്. രണ്ടാം വരവ് തുടങ്ങി മാരുതിയുടെ പ്രീമിയം ഡിലര്‍ഷിപ്പിലൂടെയാണ് ഈ വാഹനം പുറത്തിറങ്ങുന്നത്. 

റെഗുലര്‍ എര്‍ട്ടിഗയില്‍ നിന്ന് ലുക്കിലും ഫീച്ചറുകളിലും മാറ്റങ്ങളില്ലാതെയാണ് എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പ് എത്തുന്നത്. രണ്ട് വേരിയന്റുകളില്‍ നല്‍കിയിട്ടുള്ളതിനാല്‍ തന്നെ ടാക്‌സിക്ക് പുറമെ, സ്വകാര്യ ആവശ്യങ്ങള്‍ക്കും എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Maruti MPV Model Ertiga CNG Variant Launched. The company Introduced The Ertiga CNG and The Ertiga Tour M CNG Models.