മാരുതി എര്‍ട്ടിഗ എംപിവിയുടെ പ്രീമിയം പതിപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന വാഹനമായിരുന്നു എക്‌സ്എല്‍-6. ആറ് സീറ്റുമായെത്തിയ ഈ വാഹനത്തിന്റെ സെവന്‍ സീറ്റര്‍ പതിപ്പ് എക്‌സ്എല്‍-7 എന്ന പേരില്‍ എത്തുകയാണ്. ഈ വാഹനം മാസങ്ങള്‍ക്ക് മുമ്പുതന്നെ ഇന്തൊനേഷ്യ ഉള്‍പ്പെടെയുള്ള ഏതാനും രാജ്യങ്ങളില്‍ എത്തിയിരുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എര്‍ട്ടിഗയുടെയും എക്‌സ്എല്‍6-ന്റെയും പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനവും ഒരുങ്ങുന്നത്. എന്നാല്‍, ഡിസൈനില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ഡിആര്‍എല്ലും കോര്‍ണര്‍ ലൈറ്റും നല്‍കിയിട്ടുള്ള വലിയ ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍, ക്രോമിയും സ്ട്രിപ്പ് നല്‍കിയുള്ള ബ്ലാക്ക് ഗ്രില്ല്, സ്‌കിഡ് പ്ലേറ്റ്, ക്ലാഡിങ്ങ് അകമ്പടിയില്‍ ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്ന ഫോഗ് ലാമ്പ് എന്നിവയാണ് മുന്‍വശത്തുള്ളത്. 

സ്‌പോര്‍ട്ടി ഭാവത്തില്‍ ചിട്ടയോടെ രൂപപ്പെടുത്തിയ ഇന്റീരിയറാണ് ഈ വാഹനത്തിലുള്ളത്. ഡി-ഷേപ്പ് സ്റ്റിയറിങ്ങ് വീല്‍, ഇന്‍ഫര്‍മേറ്റീവ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കീലൈസ് സ്റ്റാര്‍ട്ട് ആന്‍ഡ് സ്‌റ്റോപ്പ്, റിയര്‍ എസി, സ്ലൈഡ് ചെയ്യാവുന്ന രണ്ടാം നിര, സ്റ്റോറേജ് സ്‌പേസുള്ള ആംറെസ്റ്റ്, വെന്റിലേറ്റഡ് കപ്പ് ഹോള്‍ഡര്‍ എന്നിവ ഇന്റീരിയറിലുണ്ട്.

4450 എംഎം നീളം, 1775 എംഎം വീതി, 1710 എംഎം ഉയരം 2740 എംഎം വീല്‍ബേസ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ വലിപ്പം. വിശാലമായ ലെഗ്‌റൂം, എല്‍ബോ റൂം, ഹെഡ്‌റൂം എന്നിവ മൂന്ന് നിരയിലുമുണ്ട്. 199 ലിറ്ററാണ് എക്‌സ്എല്‍7-ന്റെ ബൂട്ട് സ്‌പേസ്. എന്നാല്‍, മൂന്നാം നിര സീറ്റ് മടക്കിയാല്‍ ഇത് വീണ്ടും ഉയര്‍ത്താന്‍ കഴിയുമെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്. 

എക്‌സ്എല്‍6, എര്‍ട്ടിഗ തുടങ്ങിയ വാഹനങ്ങള്‍ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനാണ് എക്‌സ്എല്‍7-ലും. 104 ബിഎച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനായി മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും ഇതില്‍ നല്‍കിയേക്കും. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ഇതില്‍ ഒരുക്കും.

Source: RushLane

Content Highlights: Maruti Ertiga Based Premium MPV XL7 Coming To India