വാഹനവിപണിയില്‍ തളര്‍ച്ചയുടെ കാലമാണെങ്കിലും എംപിവി, എസ്‌യുവി മോഡലുകള്‍ക്ക് സമയം അത്രമോശമല്ല. മാരുതിയുടെ ചെറിയ വാഹനങ്ങള്‍ക്കുള്ള തളര്‍ച്ച എംപിവി മോഡലുകളായ എര്‍ട്ടിഗയ്ക്കും എക്‌സ്എല്‍6-നും ഇല്ലെന്നതാണ് ഈ വാഹനശ്രേണിക്ക് നല്ല സമയമാണെന്നതിന് തെളിവ്.

ഈ വര്‍ഷം ആദ്യം മാരുതി അവതരിപ്പിച്ച എര്‍ട്ടിഗയും മാസങ്ങള്‍ക്ക് മുമ്പ് എത്തിച്ച എക്‌സ്എല്‍6-ന്റെയും വില്‍പ്പന 10,000 കടന്നിരിക്കുകയാണ്. ഏഴ് സീറ്റ് എര്‍ട്ടിഗയ്ക്കും ആറ് സീറ്റ് പ്രീമിയം എംപിവി എക്‌സ്എല്‍6-നും അടിസ്ഥാനമൊരുക്കുന്നത് മാരുതിയുടെ ഹാര്‍ട്ട്‌ടെക്ട് പ്ലാറ്റ്‌ഫോമാണ്.

സെപ്റ്റംബര്‍ മാസത്തില്‍ മാത്രം 6284 എര്‍ട്ടിഗും 3840 എക്‌സ്എല്‍6-ഉം മാരുതി നിരത്തിലെത്തിച്ചിട്ടുണ്ട്. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടൊണ് എക്‌സ്എല്‍-6 നിരത്തിലെത്തുന്നത്. പുതിയ എര്‍ട്ടിഗയ്ക്ക് ലഭിച്ച സ്വീകാര്യത എക്‌സ്എല്‍-6നും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഒരേ പ്ലാറ്റ്‌ഫോമിലാണെങ്കിലും വ്യത്യസ്ത ഡിസൈനുകളില്‍ നിരത്തിലെത്തുന്ന വാഹനങ്ങളാണ് എര്‍ട്ടിഗയും എക്‌സ്എല്‍6-ഉം. ഇന്റീരിയറിന്റെ രൂപഘടനയിലാണ് പ്രധാനമായും മാറ്റം വരുത്തിയിട്ടുള്ളത്. ക്യാപ്റ്റന്‍ സീറ്റുകളാണ് എക്‌സ്എല്‍6-ന്റെ പ്രധാന ആകര്‍ഷണം.

1.5 ലിറ്റര്‍ പെട്രോള്‍ ഡീസല്‍ എന്‍ജിനുകളില്‍ എര്‍ട്ടിഗ എത്തുന്നുണ്ടെങ്കിലും 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് എക്‌സ്എല്‍-6 എത്തിയിട്ടുള്ളത്. അഞ്ച് സ്പീഡ് മാനുവലും നാല് സ്പീഡ് ഓട്ടോമാറ്റിക്കുമാണ്‌ ട്രാന്‍സ്മിഷന്‍. 

Content Highlights: Maruti Ertiga and XL6 Combined Achieve 10,000 Sales