മാരുതിയുടെ സിയാസ്, ബ്രെസ, എര്‍ട്ടിഗ, എസ്-ക്രോസ് തുടങ്ങിയ വാഹനങ്ങളുടെ ഡീസല്‍ മോഡലുകള്‍ക്കായി പുതിയ ഡീസല്‍ എന്‍ജിന്‍ ഒരുങ്ങുന്നു. നിലവില്‍ ഈ വാഹനങ്ങളിലുള്ള 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പര്യാപ്തമല്ലാത്തതിനാലാണ് പുതിയ 1.5 ലിറ്റര്‍ എന്‍ജിന്‍ ഒരുങ്ങുന്നത്. 

2020 ഏപ്രിലിന് ശേഷം ബിഎസ്-6 എന്‍ജിനുകളിലുള്ള വാഹനങ്ങള്‍ മാത്രമേ പുറത്തിറക്കാവൂവെന്ന് മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്നാണ് ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വികസിപ്പിക്കുന്നത്. നിര്‍മാണം അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാരുതിയുടെ മികച്ച മോഡലുകളായ സ്വിഫ്റ്റ്, ഡിസയര്‍, ബലേനൊ തുടങ്ങിയ വാഹനങ്ങളുടെ ഹൈബ്രിഡ്, സിഎന്‍ജി എന്‍ജിനുകളും വികസിപ്പിച്ചേക്കുമെന്നാണ് സൂചന. നിര്‍മാണം പുരോഗമിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കുന്നതായിരിക്കുമെന്നാണ് മാരുതി അവകാശപ്പെടുന്നത്.

1498 സിസിയില്‍ പുറത്തിറക്കുന്ന ഈ എന്‍ജിന്‍ 94 ബിഎച്ച്പി കരുത്തും 225 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയിലുള്ള വാഹനങ്ങള്‍ക്ക് 1.5 ലിറ്റര്‍ എന്‍ജിന്‍ നല്‍കാനാവില്ല. ഇതിന് പുറമെ, ചെറുകാറുകള്‍ക്കും ഈ എന്‍ജിന്‍ നല്‍കില്ല.

Content Highlights: Maruti Ciaz, Vitara Brezza, Ertiga, S-Cross To Soon Get 1.5L Diesel Engine