മാരുതി സിയാസ് | Photo: Maruti Suzuki
മാരുതി-സുസുക്കി, ടൊയോട്ട കൂട്ടുകെട്ടിന്റെ ഭാഗമായി മാരുതിയുടെ ജനപ്രിയ മോഡലുകളുടെ ടൊയോട്ട ബാഡ്ജിങ്ങ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ബൊലേനൊ, ബ്രെസ എന്നിവയുടെ ടൊയോട്ട ബാഡ്ജിങ്ങ് മോഡലുകള്‍ക്ക് പിന്നാലെ എര്‍ട്ടിഗയും സിയാസും ടൊയോട്ടയുടെ മേല്‍വിലാസത്തിലേക്ക് ചേക്കേറാനൊരുങ്ങുന്നതായാണ് സൂചന. ഇതില്‍ സെഡാന്‍ വാഹനമായ സിയാസിന് ടൊയോട്ട ബെല്‍റ്റ എന്ന പേര് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ അടുത്തിടെ ബെല്‍റ്റ എന്ന പേരിന് ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയതോടെയാണ് സിയാസിന്റെ റീ ബാഡ്ജിങ്ങ് പതിപ്പിന് ഈ പേര് നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. സെഡാന്‍ ശ്രേണിയില്‍ ടൊയോട്ട എത്തിച്ചിട്ടുള്ള യാരിസിന് പകരക്കാനായായിരിക്കും സിയാസിന്റെ റീ ബാഡ്ജിങ്ങ് പതിപ്പ് അവതരിപ്പിക്കുകയെന്നാണ് സൂചന. സിയാസിനെക്കാള്‍ വില ഉയര്‍ത്തിയായിരിക്കും ബെല്‍റ്റ എത്തുക. സിയാസിന് 8.42 ലക്ഷം രൂപ മുതല്‍ 11.33 ലക്ഷം രൂപ വരെയാണ് വില.
പ്രീമീയം ലുക്ക് നല്‍കിയായിരിക്കും ടൊയോട്ട ബെല്‍റ്റ നിരത്തുകളില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഗ്രില്ല്, ഹെഡ്‌ലാമ്പ്, ഫോഗ്‌ലാമ്പ് എന്നിവയുടെ ഡിസൈനില്‍ മാറ്റം വരുത്തിയേക്കില്ല. ക്രോമിയം ആവരണം നല്‍കിയുള്ള ടൊയോട്ട ലോഗോ ആയിരിക്കും മുഖഭാവത്തില്‍ വരുത്തുന്ന പുതുമ. പുതിയ ഡിസൈനില്‍ ഒരുങ്ങുന്ന അലോയി വീലുകളും ബെല്‍റ്റയില്‍ നല്‍കും. റിയര്‍ പ്രൊഫൈലില്‍ ഉള്‍പ്പെടെ നേരിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.
മാരുതിയുടെ പ്രീമിയം സെഡാന്‍ ശ്രേണിയില്‍ എത്തുന്ന വാഹനമാണ് സിയാസ്. അതുകൊണ്ടുതന്നെ അകത്തളത്തില്‍ ആഡംബര ഭാവമാണ് നല്‍കിയിട്ടുള്ളത്. സിയാസിന്റെ അതേ ഇന്റീരിയറായിരിക്കും ബെല്‍റ്റയിലും നല്‍കുക. ഉയര്‍ന്ന വകഭേദത്തില്‍ ലെതര്‍ സീറ്റ്, ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീല്‍, സ്മാര്‍ട്ട് പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ് എന്നിവയാണ് ഇന്റീരിയറിലുള്ളത്.
മെക്കാനിക്കല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടെയുള്ളവയും സിയാസിലേത് തുടരാനാണ് ടൊയോട്ടയുടെ പദ്ധതി. 1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനാണ് സിയാസിന് കരുത്തേകുന്നത്. ഇത് 104.7 പി.എസ്.പവറും 138 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്സുകളാണ് സിയാസിലെ ട്രാന്‍സ്മിഷന്‍. ബെല്‍റ്റയാകുമ്പോഴും ഇത് തന്നെ തുടരാനാണ് ടൊയോട്ടയുടെ പദ്ധതി.
Source: India Car News
Content Highlights: Maruti Ciaz Toyota Badging Model Could Be Named As Belta
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..