മാരുതിയുടെ ഡീസല്‍ മോഡലുകളില്‍ കമ്പനി തന്നെ വികസിപ്പിച്ചെടുത്ത 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍, എന്‍ജിനൊപ്പം ഗിയര്‍ബോക്‌സും മാറുന്നതായാണ് പുതിയ വിവരം. പുതിയ സിയാസില്‍ ആറ് സ്പീഡ് മാനുവന്‍ ഗിയര്‍ബോക്‌സാണെന്നാണ് പുറത്തായ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
മാരുതിയുടെ ഡീസല്‍ മോഡലുകളില്‍ 1.3 ലിറ്റര്‍ ഫിയറ്റ് ബൂസ്റ്റര്‍ ജെറ്റ് എന്‍ജിനും അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമാണ് നല്‍കിയിരുന്നത്. ഇത് ആദ്യമായാണ് മാരുതി ആറ് സ്പീഡ് ഗിയര്‍ബോക്‌സ് ഒരുക്കുന്നത്. സിയാസ് ആയിരിക്കും മാരുതിയുടെ ആദ്യ ആറ് ഗിയര്‍ വാഹനം.
1.5 ലിറ്റര്‍ എന്‍ജിന്‍ ഘടിപ്പിച്ച ശേഷം നടത്തിയ പരീക്ഷണയോട്ടത്തിന്റെ ചിത്രത്തില്‍ നിന്നാണ് സിയാസില്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നതെന്ന് വെളിപ്പെടുന്നത്. മുമ്പ് റിവേഴ്‌സ് ആയിരുന്ന സ്ഥാനത്താണ് ആറാമത്തെ ഗിയര്‍. റിവേഴ്‌സ് പുഷ് ഗിയറാണ്.

സിയാസില്‍ നല്‍കിയിട്ടുള്ള പുതിയ 1.5 ലിറ്റര്‍ എന്‍ജിന്‍ 95.17 പിഎസ് പവറും 225 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. DDiS 225 എന്നാണ് ഈ എന്‍ജിന് പേര് നല്‍കിയിട്ടുള്ളത്. ബിഎസ്-6 നിലവാരത്തിലാണ് ഈ എന്‍ജിന്‍ വികസിപ്പിച്ചിട്ടുള്ളത്.
എന്നാല്‍, 1.3 ലിറ്റര്‍ എന്‍ജിനില്‍ നല്‍കിയിരുന്ന മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ 1.5 ലിറ്റര്‍ എന്‍ജിനിലില്ല. ഹൈബ്രിഡ് എന്‍ജിന്‍ 28.09 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കിയിരുന്ന സ്ഥാനത്ത് ഈ വാഹനം 26.82 കിലോമീറ്റര്‍ മൈലേജാണ് ഒരുക്കുന്നത്.
സിയാസിന്റെ ഡെല്‍റ്റ, സെറ്റ, ആല്‍ഫ വേരിയന്റില്‍ മാത്രമാണ് 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും ആറ് സ്പീഡ് ഗിയര്‍ബോക്‌സ് നല്‍കുന്നത്. അടിസ്ഥാന മോഡലായ സിഗ്മയില്‍ 1.3 ലിറ്റര്‍ എന്‍ജിനും അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സും തന്നെ തുടരുമെന്നാണ് സൂചന.
Content Highlights: Maruti Ciaz Gets 1.5 Liter Diesel Engine And 6 Speed Gear Box