മാരുതിയുടെ ഹാച്ചാബാക്ക് മോഡലായ സെലേറിയോയുടെ രണ്ടാം തലമുറ മോഡല്‍ നിരത്തുകളില്‍ എത്താനൊരുങ്ങുകയാണ്. ആദ്യ തലമുറ മോഡലില്‍ നിന്ന് വലിയ മേക്ക് ഓവര്‍ നടത്തിയാണ് രണ്ടാം തലമുറ എത്തുകയെന്ന് മാരുതി മുമ്പ് അറിയിച്ചിരുന്നു. ഇത് അടിവരയിട്ട് പുതുതലമുറ മോഡലിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാകുകയാണ്. 

സ്വിഫ്റ്റ്, വാഗണ്‍ആര്‍ എന്നീ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഈ വാഹനത്തില്‍ നല്‍കുമെന്ന് മുമ്പ് സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഡിസൈന്‍ സംബന്ധിച്ച് സസ്‌പെന്‍സുകള്‍ സൂക്ഷിച്ചാണ് മാരുതി ഈ വാഹനം ഒരുക്കിയത്. ഏറെ വൈകാതെ പുതുതലമുറ സെലേറിയോ വിപണിയില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ മോഡലില്‍ നിന്ന് പൂര്‍ണമായി അഴിച്ച് പണിഞ്ഞാണ് പുതുതലമുറ സെലേറിയോയുടെ മുന്‍വശം ഒരുക്കിയിട്ടുള്ളത്. ക്രോമിയം ലൈന്‍ നല്‍കിയുള്ള ഗ്രില്ല്, എല്‍.ഇ.ഡി. ഡി.ആര്‍.എല്ലിന്റെ അകമ്പടിയിലുള്ള വലിയ ഹെഡ്‌ലാമ്പ്, ബ്ലാക്ക് ക്ലാഡിങ്ങ് നല്‍കിയിട്ടുള്ള വലിയ ബമ്പര്‍, ഫോഗ്‌ലാമ്പ്, എന്നിവയാണ് മുന്‍വത്തുള്ളത്. എല്ലാം പുതിയ ഡിസൈനിലാണ് ഒരുങ്ങിയിട്ടുള്ളത്.

14 ഇഞ്ച് വലിപ്പമുള്ള ബ്ലാക്ക് ഫിനീഷ് അലോയി വീലാണ് ഇതില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. പിന്‍ഭാഗം മുന്‍മോഡലിനോട് വിദൂര സാമ്യം പുലര്‍ത്തുന്നുണ്ട്. പിന്നിലെ ബമ്പര്‍, ടെയ്ല്‍ലാമ്പ് ഉള്‍പ്പെടെയുള്ളവ പുതിയ ഡിസൈനിലാണ് തീര്‍ത്തിരിക്കുന്നത്. ഹാച്ച്‌ഡോര്‍ മുന്‍തലമുറ മോഡലിലേത് നിലനിര്‍ത്തിയിട്ടുണ്ട്. വലിപ്പത്തിലും മുന്‍തലമുറ മോഡലിനെക്കാള്‍ മുന്നിലാണ് ഈ വാഹനം.

മാരുതിയുടെ മോഡുലാര്‍ ഹാര്‍ടെക്ട് പ്ലാറ്റ്ഫോമിലാണ് പുതുതലമുറ സെലേറിയോ ഒരുങ്ങിയിട്ടുള്ളത്. 67 ബി.എച്ച്.പി. പവറും 90 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ നല്‍കുക. അതേസമയം, ഓപ്ഷണലായി 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും നല്‍കും. ഇത് 83 ബി.എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി. ഗിയര്‍ബോക്സുകള്‍ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും.

Content Highlights: Maruti Celerio Second Generation Spied