മാരുതിയുടെ ഹാച്ച്ബാക്ക് വാഹനമായ സെലേറിയോയുടെ മുഖം മിനുക്കിയ പതിപ്പ് ഉത്സവ സീസണിന്റെ ഭാഗമായി അവതരിപ്പിക്കും. കൂടുതല്‍ ഫീച്ചറുകള്‍ ഇടംപിടിക്കുന്നതിനൊപ്പം പുതിയ പ്ലാറ്റ്‌ഫോമിലും ആകര്‍ഷകമായ ഡിസൈന്‍ മാറ്റത്തിലും, അഴിച്ചുപണിതിട്ടുള്ള ഇന്റീരിയറിലുമാണ് ഈ വാഹനത്തിന്റെ പുതുതലമുറ മോഡല്‍ നിരത്തുകളിലെത്തുന്നത്. 

2014-ലാണ് ചെറു ഹാച്ച്ബാക്ക് ശ്രേണിയില്‍ മാരുതി സെലേറിയ എത്തുന്നത്. മാരുതി ആദ്യമായെത്തിച്ച ഓട്ടോമാറ്റിക് വാഹനമെന്ന ക്രെഡിറ്റും സെലേറിയോയ്ക്കാണ്. ഈ വാഹനത്തിന്റെ പ്രധാന എതിരാളികളായ ടാറ്റ ടിയാഗോ, ഹ്യുണ്ടായി സാന്‍ട്രോ തുടങ്ങിയ മോഡലുകളില്‍ കൂടുതല്‍ ഫീച്ചര്‍ ഇടംപിടിച്ചതോടെയാണ് ഈ വാഹനവും മാറ്റത്തിനൊരുങ്ങുന്നത്. 

മാരുതിയുടെ വാഗണ്‍ആര്‍, എസ്-പ്രെസോ തുടങ്ങിയ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ഹാര്‍ട്ടെക്ട് പ്ലാറ്റ്‌ഫോമിലാണ് പുതിയ സെലേറിയോയും എത്തുന്നത്. അതുകൊണ്ടുതന്നെ മുന്‍ മോഡലിനെക്കാള്‍ വലിപ്പവും വീല്‍ബേസും പുതിയ മോഡലില്‍ കൂടുന്നുണ്ട്. സെലേറിയോ എക്‌സ് പതിപ്പിനോട് സമാനമായിരിക്കും എക്‌സ്റ്റീരിയര്‍ ഡിസൈന്‍.

അകത്തളത്തിലാണ് ഫീച്ചറുകള്‍ വര്‍ധിക്കുന്നത്. സുസുക്കിയുടെ സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിവേഴ്സ് ക്യാമറ, ഓട്ടോമാറ്റിക് എയര്‍ കണ്ടീഷന്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയങ്ങ് വീല്‍ തുടങ്ങിയവ അകത്തളത്തില്‍ സ്ഥാനം പിടിക്കും. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉയര്‍ന്ന പരിപ്പില്‍ മാത്രമായിരിക്കും നല്‍കുകയെന്നാണ് വിവരം.

സുരക്ഷയുടെ കാര്യത്തിലും സെലേറിയോ ഒരുപടി ഉയരുന്നുണ്ടെന്നാണ് സൂചന. അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ് വിത്ത് ഇബിഡി, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ്ങ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ സുരക്ഷ ഫീച്ചറുകള്‍ പുതുതലമുറ സെലേറിയോയില്‍ ഒരുങ്ങും.

മാരുതി വാഗണ്‍ ആറിന് സമാനമായി 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്‌ഷനുകള്‍ സെലേറിയോയിലും നല്‍കും. 1.0 ലിറ്റര്‍ എന്‍ജിന്‍ 67 ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കും, 1.2 ലിറ്റര്‍ എന്‍ജിന്‍ 77 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ എഎംടി എന്നിവ സെലേറിയോയില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും.

Content Highlights: Maruti Celerio New Generation Model To Launch In Festival Season