സുരക്ഷാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ഹാച്ച്ബാക്ക് മോഡലായ സെലേരിയോ, സെലേരിയോ എക്‌സ് മോഡലുകള്‍ മാരുതി സുസുക്കി അവതരിപ്പിച്ചു. ഡ്രൈവര്‍ സൈഡ്‌ എയര്‍ബാഗിന് പുറമേ ഫ്രണ്ട് പാസഞ്ചര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എബിഎസ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നീ സുരക്ഷാ സംവിധാനങ്ങള്‍ സെലേരിയോയില്‍ ഇനി സ്റ്റാന്റേര്‍ഡായിരിക്കും. 

സുരക്ഷാ ഫീച്ചേഴ്‌സ് ഒഴികെ രൂപത്തില്‍ യാതൊരു മാറ്റവും പുതിയ സെലോരിയോയ്ക്കില്ല. വാഹന സുരക്ഷ കര്‍ശനമാക്കാന്‍ ക്രാഷ് ടെസ്റ്റ് അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ ഇന്ത്യയില്‍ നിര്‍ബന്ധമാക്കുന്നതിന് മുന്നോടിയായാണ് സുരക്ഷാ പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുത്തി സെലേരിയോ എത്തിയത്. 2019 സെലേരിയോയ്ക്ക് 4.31 ലക്ഷം രൂപ മുതലും സെലേരിയോ എക്‌സിന് 4.80 ലക്ഷം രൂപ മുതലുമാണ് എകസ്‌ഷോറൂം വില. 

മെക്കാനിക്കല്‍ ഫീച്ചേഴ്‌സിലും മാറ്റമില്ല. 67 ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കുമേകുന്ന 998 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ സെലോരിയോയ്ക്കും കരുത്തേകുക. സിഎന്‍ജി വകഭേദത്തിലും സെലേരിയോ ലഭ്യമാകും. 58 ബിഎച്ച്പി പവറും 78 എന്‍എം ടോര്‍ക്കുമാണ് സിഎന്‍ജിയില്‍ ലഭിക്കുക. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍. 

celerio

Content Highlights; Maruti Celerio, Celerio X updated with new safety features