സിയാസ്, എര്‍ട്ടിഗ, എസ്-ക്രോസ് എന്നീ മോഡലുകളില്‍ നല്‍കിയ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം പ്രീമിയം ഹാച്ച്ബാക്ക് ബലേനോയിലും ഉള്‍പ്പെടുത്താനൊരുങ്ങി മാരുതി. ഹൈബ്രിഡ് ബലേനോയുടെ വരവിന് മുന്നോടിയായി ഹൈബ്രിഡ് ബാഡ്ജിലുള്ള ബലേനോ പരീക്ഷണ ഓട്ടം നടത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോ പ്രകാരം അടുത്തിടെ എത്തിയ 2019 ബലേനോയുടെ അതേ രൂപത്തിലാണ് പുതിയ ബലേനോ ഹൈബ്രിഡും.

ഹൈബ്രിഡിലേക്ക് മാറുന്നതൊഴിച്ചാല്‍ മറ്റുമാറ്റങ്ങളൊന്നും ബലേനോ ഹൈബ്രിഡിനുണ്ടാകില്ല. നിലവില്‍ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും ഹൈബ്രിഡ് സംവിധാനം മാരുതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഏത് എന്‍ജിനാണ് ഹൈബ്രിഡ് ബലേനോയില്‍ നല്‍കുകയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. വിദേശ വിപണിയിലേക്കായി 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ നേരത്തെതന്നെ ബലേനോ ഹൈബ്രിഡ് മാരുതി നിരയിലുണ്ട്.

അനാവശ്യ ഇന്ധന ഉപയോഗം ഒഴിവാക്കി മൈലേജും ഡ്രൈവിങ് പെര്‍ഫോമെന്‍സും വര്‍ധിപ്പിക്കുന്നതാണ് മാരുതിയിലെ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം. അതേസമയം ഹൈബ്രിഡ് ബലേനോ ഇന്ത്യയിലെത്തിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ കമ്പനി നല്‍കിയിട്ടില്ല. വരുംദിവസങ്ങളില്‍ പ്രഖ്യാപനം മാരുതിയില്‍നിന്ന് പ്രതീക്ഷിക്കാം. 

Content Highlights; Maruti Baleno Smart Hybrid caught on test