മാരുതിയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്ക്  വാഹനമായ ബലേനോ ആദ്യ ഹൈബ്രിഡ് മോഡലാകാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ എത്തുന്ന ഈ വാഹനം പൂര്‍ണമായും ഹൈബ്രിഡിലേക്ക് മാറാനാണ് തയാറെടുക്കുന്നത്. ഹൈബ്രിഡ് സാങ്കേതികവിദ്യയിലുള്ള ബലേനൊയുടെ പരീക്ഷണയോട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

പരീക്ഷണയോട്ടം നടത്തുന്ന ബലേനൊയുടെ വശങ്ങളിലെ ബാഡ്ജിങ്ങ് മാരുതിയും-ബോഷും ചേര്‍ന്നാണ് ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതെന്ന സൂചനയാണ് നല്‍കുന്നത്. 48 വോള്‍ട്ട് ബാറ്ററിയായിരിക്കും ഈ വാഹനത്തിന് കരുത്തേകുക സൂചനകള്‍. 

ഇന്ധനക്ഷമത തന്നെയാണ് ഹൈബ്രിഡിലെ പ്രധാന ആകര്‍ഷണം. വാഹനം ഓടുമ്പോള്‍ ചാര്‍ജാകുന്ന ബാറ്ററിയില്‍ നിന്ന് നിശ്ചിതവേഗത്തിലെത്തിയാല്‍ തിരിച്ച് കരുത്ത് എന്‍ജിനിലേക്ക് പ്രവഹിക്കും. അങ്ങനെ ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ കഴിയും.

നിലവില്‍ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ബലേനൊ നിരത്തിലെത്തുന്നത്. 1.2 ലിറ്റര്‍ വിവിടി പെട്രോള്‍, 1.2 ഡിഡിഐഎസ് ഡീസല്‍,  1.2 ലിറ്റര്‍ ഡ്യൂവല്‍ജെറ്റ് ഡ്യൂവല്‍ വി.വി.ടി. എന്നിവയാണ് ഈ എന്‍ജിനുകള്‍. ഇതില്‍ ഹൈബ്രിഡില്‍ നല്‍കുന്ന എന്‍ജിന്‍ ഏതെന്ന് വ്യക്തമല്ല.

Content Highlights: Maruti Suzuki Premium Hatchback Model Baleno Updated  Full Hybrid Technology.