ണിയറയില്‍ മുഖം മിനുക്കികൊണ്ടിരിക്കുന്ന പുതിയ ബലേനൊ ഒരാഴ്ചയ്ക്കുള്ളില്‍ നിരത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. മാരുതിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.വി രാമന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജനുവരി 22-നാണ് പുതിയ ബലേനൊയുടെ ബുക്കിങ് സ്വീകരിച്ച് തുടങ്ങിയത്. എന്നാല്‍, ഇന്നേക്ക് പത്താംനാള്‍ ഈ വാഹനം നിരത്തില്‍ കാണാന്‍ കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്. പുതിയ വാഗണ്‍ആര്‍ പുറത്തിറക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

22-ാം തീയതി മുതലാണ് നെക്സ ഡീലര്‍ഷിപ്പുകളില്‍ 11,000 രൂപ ഈടാക്കി പുതിയ ബലേനൊയുടെ ബുക്കിങ് ആരംഭിച്ചത്. എന്നാല്‍, ലോഞ്ചിങ് സംബന്ധിച്ച് കൃത്യമായ ദിവസം വൈകാതെ അറിയിക്കുമെന്നാണ് വിവരം. 

പുറംമോടിയില്‍ മാത്രം മാറ്റം വരുത്തിയാണ് പുതിയ ബലേനോ നിരത്തിലെത്തിക്കുന്നത്. പുതിയ ബമ്പറും പിന്‍വശത്തെ ഡിസൈനുമായിരിക്കും രണ്ടാംതലമുറ ബലേനോയിലെ പ്രധാന മാറ്റം. എല്‍ഇഡി ഹെഡ്ലാമ്പും ഫോഗ് ലാമ്പുമായിരിക്കും മറ്റൊരു പ്രത്യേകത. നിലവില്‍ സാധാരണ മോഡലില്‍ ഹാലജന്‍ ഹെഡ്ലാമ്പാണ് നല്‍കുന്നത്. 

ടോപ്പ് വേരിയന്റായ ആല്‍ഫയില്‍ മാത്രമാണ് പ്രൊജക്ഷന്‍ ഹെഡ്ലാമ്പ് നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം കൂടുതല്‍ സ്പോര്‍ട്ടി ഭാവം നല്‍കുന്നതിനായി പുതിയ അലോയി വീലും  ഇതില്‍ നല്‍കിയേക്കും.

കൂടുതല്‍ കരുത്തുറ്റ സുരക്ഷാ സംവിധാനവും പുതിയ ബലേനോയില്‍ ഒരുക്കുന്നുണ്ട്. പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയാണ് പുതുതായി നല്‍കുക. എബിഎസ്, ഇബിഡി, ഡുവല്‍ എയര്‍ബാഗ് എന്നിവ ബലേനോയുടെ സ്റ്റാന്റേഡ് ഫീച്ചറാണ്. 

എന്‍ജിനില്‍ മാറ്റമുണ്ടാകില്ല. 83 ബിഎച്ച്പി കരുത്തേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 74 ബിഎച്ച്പി കരുത്തേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനും തന്നെ തുടരും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം സിവിടി ഗിയര്‍ബോക്സുമുണ്ടാകും.


Content Highlights: Maruti Baleno facelift to launch within 10 days