വില്‍പ്പനയില്‍ കുതിച്ചുകയറി മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോ. ഇന്ത്യയില്‍ കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് ബലേനോ മികച്ചനേട്ടം കൊയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 163.40 ശതമാനം അധിക വളര്‍ച്ചയോടെ 16,426 യൂണിറ്റ് ബലേനോയാണ് 2017 മാര്‍ച്ചില്‍ മാരുതി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതെ കാലയളവില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു ബലേനോ. ആള്‍ട്ടോയിലൂടെ ഒന്നാം സ്ഥാനം മാരുതിയുടെ പക്കല്‍ ഇത്തവണയും ഭദ്രമാണ്. 18,868 യൂണിറ്റുകള്‍ വിറ്റഴിച്ചാണ്‌ ആള്‍ട്ടോ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്, കഴിഞ്ഞ വര്‍ഷം ഇത് 22101 യൂണിറ്റായിരുന്നു. 

Baleno RS

വില്‍പ്പനയില്‍ ആദ്യ പത്തില്‍ ആറ് സ്ഥാനങ്ങളും കൈപിടിയിലാക്കാന്‍ മാരുതിക്ക് സാധിച്ചു. 15894 യൂണിറ്റ് വിറ്റഴിച്ച ഡിസയര്‍ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ 15513 യൂണിറ്റ് വിറ്റഴിച്ച സ്വിഫ്റ്റ് നാലാം സ്ഥാനം നിലനിര്‍ത്തി. വാഗണ്‍-ആര്‍, സെലാരിയോ എന്നിവ യഥാക്രമം ആറ്, ഒമ്പത് സ്ഥാനങ്ങളിലുണ്ട്. ദിനംപ്രതി വര്‍ധിച്ചുവരുന്ന ഡിമാന്റില്‍ നിലവില്‍ 20-21 ആഴ്ചയാണ് ബലേനോയ്ക്കുള്ള വെയ്റ്റിങ് പിരീഡ്. 80000 ഓര്‍ഡറുകള്‍ നിലവില്‍ ബാക്കിയുണ്ട്. 2015-ല്‍ നിരത്തിലെത്തിയ ബലേനോ മികച്ച വില്‍പ്പന തുടരുമ്പോള്‍ ബലേനോ ആര്‍എസ് എന്ന പേരില്‍ കരുത്ത് കൂടിയ പതിപ്പ് ഈ വര്‍ഷം കമ്പനി പുറത്തിറക്കിയിരുന്നു.