ന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വാഹനങ്ങളില്‍ കടുത്ത മത്സരം ഒരുക്കുന്ന വാഹനമാണ് മാരുതി ബലേനൊ. 2020 ഒക്ടോബറില്‍ നിരത്തിലെത്തിയതിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വാഹനത്തിന്റെ എട്ട് ലക്ഷം യൂണിറ്റാണ് ഇതിനോടകം മാരുതി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഈ ശ്രേണിയില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട വാഹനമെന്ന ഖ്യാതിയും ബലേനൊക്കാണ്.

2015 ഒക്ടോബറിലാണ് ബലേനൊ ഹാച്ച്ബാക്ക് ഇന്ത്യയില്‍ എത്തുന്നത്. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെ വില്‍പ്പനയ്‌ക്കെത്തുന്ന രണ്ടാമത്തെ മോഡലാണ് ബലേനൊ. അവതരിപ്പിച്ച് 59 മാസം പിന്നിടുമ്പോഴും നെക്‌സയിലെ ടോപ്പ് സെല്ലിങ്ങ് മോഡല്‍ എന്ന ഖ്യാതിയും മാരുതിയുടെ ഈ പ്രീമിയം ഹാച്ച്ബാക്കിനാണ്. 2015-ല്‍ എത്തിയ ഈ വാഹനം ഒരു തവണ മുഖം മിനുക്കലിനും വിധേയമായിരുന്നു.

മാരുതിയുടെ കണക്ക് അനുസരിച്ച് പ്രതിമാസം ശരാശരി 15,000 യൂണിറ്റ് ബലേനൊ നിരത്തുകളില്‍ എത്തുന്നുണ്ട്. സെപ്റ്റംബറിലെ കണക്കനുസരിച്ച് 19,433 ബൊലേനൊയാണ് വിപണിയില്‍ എത്തിയത്. മാരുതി സുസുക്കി- ടൊയോട്ട കൂട്ടുകെട്ടിന്റെ ഫലമായി ആദ്യമായി ടൊയോട്ട ബാഡ്ജിങ്ങിലെത്തിയ ആദ്യ മാരുതി വാഹനവും ബലേനൊ ആയിരുന്നു. 

2015 ഒക്ടോബറില്‍ അവതരിപ്പിച്ച ഈ വാഹനം ആദ്യ ഒരു വര്‍ഷത്തില്‍ തന്നെ ഒരു ലക്ഷം യൂണിറ്റ് വിറ്റഴിച്ചിരുന്നു. 2017-ല്‍ ബലേനൊയില്‍ സി.വി.ടി ഗിയര്‍ബോക്‌സ് സ്ഥാനം പിടിക്കുകയായിരുന്നു. 2018-ല്‍ വില്‍പ്പന അഞ്ച് ലക്ഷം എന്ന നാഴികക്കല്ല് താണ്ടുകയും ചെയ്തു. 2019-ല്‍ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ആദ്യമായി സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതിക വിദ്യയുമായി ബലേനൊ വീണ്ടും നിരത്തുകളില്‍ എത്തുകയായിരുന്നു.

തുടക്കത്തില്‍ ഡീസല്‍ എന്‍ജിനിലെത്തിയിരുന്നെങ്കിലും പിന്നീട് പെട്രോള്‍ എന്‍ജിനില്‍ മാത്രമായി ചുരുങ്ങുകയായിരുന്നു. 1.2 ലിറ്റര്‍ വി.വി.ടി പെട്രോള്‍ എന്‍ജിനാണ് ബലേനൊയില്‍ കരുത്തേകുന്നത്. ഇത് 82 ബി.എച്ച്.പി പവറും 113 എന്‍.എം ടോര്‍ക്കുമേകും. ഹൈബ്രിഡ് മോഡല്‍ 89 ബി.എച്ച്.പി പവറാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, സി.വി.ടി ട്രാന്‍സ്മിഷനുകളിലാണ് ഇത് നിരത്തിലെത്തുന്നത്. 

ഇന്ത്യയില്‍ കരുത്തരായ എതിരാളികളുടെ നിരയും ബലേനൊയോട് ഏറ്റുമുട്ടുന്നുണ്ട്. ടാറ്റ അല്‍ട്രോസ്, ഹ്യുണ്ടായി ഐ20, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളൊ, ബലേനൊയുടെ തന്നെ റീ ബാഡ്ജിങ്ങ് പതിപ്പായ ടൊയോട്ട ഗ്ലാന്‍സ തുടങ്ങിയ വാഹനങ്ങളാണ് എതിരാളികളുടെ പട്ടികയിലുള്ളത്. ഗ്ലാന്‍സയുടെ വില്‍പ്പനയും പ്രതിമാസം ശരാശരി 2000 യൂണിറ്റിന് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Maruti Baleno Achieve 8 Lakhs Milestone In Five Years