ന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി 1.35 ലക്ഷം കാറുകള്‍ സര്‍വീസിനായി തിരിച്ചുവിളിക്കുന്നു. ഫ്യുവല്‍ പമ്പില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാരുതി വാഗണ്‍ആര്‍, ബലേനൊ തുടങ്ങിയ വാഹനങ്ങളാണ് കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്. 

2018 നവംബര്‍ 15നും 2019 ഒക്ടോബര്‍ 15നുമിടയില്‍ നിര്‍മിച്ച 1.0 ലിറ്റര്‍ എന്‍ജിന്‍ വാഗണ്‍ആറിന്റെ 56,666 യൂണിറ്റും, 2019 ജനുവരി എട്ടിനും നവംബര്‍ നാലിനും ഇടയില്‍ നിര്‍മിച്ച പെട്രോള്‍ എന്‍ജിന്‍ ബലേനൊയുടെ 78,222 വാഹനങ്ങളെയുമാണ് മാരുതി സര്‍വീസിനായി വിളിച്ചിരിക്കുന്നത്. 

അതുപോലെ തന്നെ, മാരുതിയില്‍ നിന്ന് ടൊയോട്ടയ്ക്ക് സോഴ്‌സ് ചെയ്ത ഗ്ലാന്‍സ എന്ന വാഹനത്തെയും സമാനമായ തകരാറിനെ തുടര്‍ന്ന് ടൊയോട്ട തിരിച്ചുവിളിക്കുന്നുണ്ട്. 2019 ഏപ്രില്‍ രണ്ടിനും ഒക്ടോബര്‍ ആറിനും ഇടയില്‍ നിര്‍മിച്ച 6500 ഗ്ലാന്‍സയാണ് ടൊയോട്ട തിരിച്ച് വിളിച്ചത്. 

തകരാര്‍ കണ്ടെത്തിയ വാഹനങ്ങളും മുകളില്‍ പറഞ്ഞിട്ടുള്ള കാലവധിയില്‍ നിര്‍മിച്ചിട്ടുള്ള വാഹനങ്ങളും മാരുതിയുടെയും ടൊയോട്ടയുടെയും അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ നിന്ന് സൗജന്യമായി തകരാര്‍ പരിഹരിച്ച് നല്‍കുമെന്നാണ് ഇരു നിര്‍മാതാക്കളും അറിയിച്ചിരിക്കുന്നത്.

Content Highlights: Maruti and Toyota Recall Some Models Due To Faulty Fuel Pumb